പത്തംതിട്ട: പത്തനംതിട്ട പുല്ലാട് യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കി ക്രൂരമായി മർദ്ദിച്ച കേസിൽ ഇന്ന് വിശദമായ അന്വേഷണം ആരംഭിക്കും. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കാനാണ് പൊലീസ് നീക്കം. ആറന്മുള പോലീസ് എടുത്ത എഫ്ഐആർ ഇന്ന് കോയിപ്രം സ്റ്റേഷനിലേക്ക് മാറ്റും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യാനാണ് പോലീസ് തീരുമാനം.
അതേസമയം, പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് വിവരം. സംഭവത്തിൽ അറസ്റ്റിലായ ദമ്പതികളായ കോയിപ്രം ആന്താലിമണ്‍ സ്വദേശി ജയേഷ്, രശ്മി എന്നിവര്‍ പൊലീസുമായി സഹകരിക്കുന്നില്ല. കുറ്റകൃത്യത്തിനുള്ള യഥാര്‍ത്ഥ കാരണവും പൊലീസിന് കണ്ടെത്താനായില്ല. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഉടൻ അപേക്ഷ നൽകും. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. തിരുവല്ല ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികൾ കൂടുതൽ സമാന കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കും.
മര്‍ദനമേറ്റവരിൽ ആലപ്പുഴ സ്വദേശിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കേസിൽ ശാസ്ത്രീയമായ അന്വേഷണവും പൊലീസ് നടത്തും. ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ ഹണിട്രാപ്പ് മോഡലിൽ ഭാര്യയെ കൊണ്ട് യുവാക്കളെ വിളിച്ചുവരുത്തി സ്റ്റേപ്ലർ പിന്നുകൾ ജനനേന്ദ്രിയത്തിൽ അടിച്ചും പ്ലേയറു കൊണ്ട് നഖം പിഴുതെടുത്തും അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഭാര്യ രശ്മിയെ കൊണ്ടാണ് യുവാക്കളുടെ ശരീരത്തിൽ ഈ കൊടിയ മർദ്ദനം ഭർത്താവ് ജയേഷ് നടത്തിയത്.
















