തിരുവനന്തപുരം: കിളിമാനൂരിൽ വാഹനമിടിച്ച് കാൽനടയാത്രക്കാരനായ രാജൻ (59) മരിച്ച സംഭവത്തിൽ പാറശ്ശാല എസ്എച്ച്ഒ പി.അനിൽ കുമാറിനെ പ്രതിചേർത്തു. അലക്ഷ്യമായി അമിത വേഗത്തിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി, നിർത്താതെ പോയതിനാണ് കേസ്. ഇന്ന് ആറ്റിങ്ങൽ കോടതിയിൽ ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാൽ എസ്എച്ച്ഒയെ പ്രതിയാക്കിയ റിപ്പോർട്ട് സമർപ്പിക്കും.
അനിൽകുമാറിനെ ഇന്ന് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യും. റൂറൽ എസ്.പി ദക്ഷിണമേഖല ഐ.ജിക്ക് നൽകിയ റിപ്പോർട്ടിലാണ് ശുപാർശ. അപകടമുണ്ടാക്കി നിർത്താതെ പോയ വാഹനം അനിൽ കുമാറിന്റേതാണെന്നു തിരിച്ചറിഞ്ഞിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ അനിൽ കുമാർ ഒളിവിലാണ്. മുൻകൂർ ജാമ്യാപേക്ഷയും അനിൽ കുമാർ ഇന്ന് സമർപ്പിക്കും.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നാലുമണിക്കും അഞ്ചുമണിക്കും ഇടയിലായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോകുകയായിരുന്ന ചേണിക്കുഴി മേലേവിള കുന്നിൽ വീട്ടിൽ രാജനെ ഇടിച്ചിട്ട് കാർ നിർത്താതെ പോവുകയായിരുന്നു. കൂലിപ്പണിക്കാരനായ രാജൻ റോഡിൽ ചോരവാർന്ന് ഒരു മണിക്കൂറോളം കിടന്നു. രാവിലെ 6 മണിയോടെ നാട്ടുകാരാണ് ചോരയിൽ കുളിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
















