ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്യുന്ന ഹർജികളിൽ സുപ്രീംകോടതിയുടെ വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിയമം സ്റ്റേ ചെയ്യുന്നതിൽ ഉത്തരവിറക്കും. രാവിലെ പത്തരയ്ക്കാവും കോടതി ഉത്തരവ് പറയുക. മെയ് മാസത്തിൽ വാദം പൂർത്തിയാക്കി വിധിപറയാൻ മാറ്റി വച്ചിരുന്ന ഹർജികളിലാണ് തീരുമാനം.
നിയമത്തിലെ ചില വകുപ്പുകളുടെ സ്റ്റേ ഉൾപ്പെടെയുള്ള ആവശ്യങ്ങളിലാകും ഉത്തരവിറക്കുന്നത്. പുതിയ നിയമത്തിലെ വകുപ്പുകളുടെ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന മുഖ്യവിഷയം പിന്നീട് പരിഗണിക്കും. ഉപയോഗത്തിലൂടെയോ രജിസ്ട്രേഷനിലെയോ വഖഫ് ആയ ഭൂമികളിൽ തൽസ്ഥിതി തുടരുമോ എന്ന കാതലായ ചോദ്യത്തിന് സുപ്രീംകോടതി ഇന്ന് ഉത്തരംപറയും. അന്തിമ തീരുമാനം എടുക്കുന്നത് വരെ വഖഫ് കൗണ്സിലിലേക്കും ബോർഡുകളിലേക്കും പുതിയ നിയമനം സുപ്രീംകോടതി നേരത്തേ മരവിപ്പിച്ചിരുന്നു.
















