എഐ ഉപയോഗിച്ച് പകർപ്പവകാശ നിയമങ്ങൾ ലംഘിക്കുന്നത് സൗദി അറേബ്യയിൽ വലിയ കുറ്റകൃത്യമാണെന്ന് സൗദി ബൗദ്ധിക സ്വത്തവകാശ അതോറിറ്റി അറിയിച്ചു. ഉടമയുടെ അനുമതിയില്ലാതെ പ്രസിദ്ധീകരിക്കുകയോ, പരിഷ്ക്കരിക്കുകയോ, വാണിജ്യപരമായി ചൂഷണം ചെയ്യുകയോ ചെയ്താൽ 9,000 റിയാൽ വരെ പിഴ ലഭിക്കും.
നിർമിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വകാര്യ ചിത്രങ്ങൾ ഉടമയുടെ സമ്മതമില്ലാതെ പ്രസിദ്ധീകരിക്കുകയോ, മാറ്റം വരുത്തുകയോ, വാണിജ്യപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യുന്നത് പകർപ്പവകാശ നിയമങ്ങളുടെ ലംഘനമാണെന്ന് സൗദി ബൗദ്ധിക സ്വത്തവകാശ അതോറിറ്റി വ്യക്തമാക്കി.
സമാനമായ ഒരു കേസിൽ, നിയമലംഘകൻ 9,000 റിയാൽ പിഴയടയ്ക്കാൻ കോടതി ഉത്തരവിട്ടു. പകർപ്പവകാശ ഉടമയുടെ അനുമതിയില്ലാതെ ഒരു സ്വകാര്യ ചിത്രം പ്രസിദ്ധീകരിക്കുകയും, അതിൽ മാറ്റം വരുത്തുകയും, അത് ഉപയോഗിക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ ശിക്ഷ.
അത്തരം കേസുകളിലെ നടപടിക്രമങ്ങൾ അതോറിറ്റി വിശദീകരിച്ചു. പരാതിയുള്ള കക്ഷി ഔദ്യോഗികമായി പരാതി നൽകുന്നതോടെയാണ് നിയമനടപടികൾ ആരംഭിക്കുന്നത്. പിന്നീട് ലംഘനത്തിന്റെ സ്വഭാവം നിർണ്ണയിക്കാൻ തെളിവുകൾ ശേഖരിച്ച് വിശകലനം ചെയ്യും. നിയമലംഘകനെ നേരിട്ട് ചോദ്യം ചെയ്യുകയും അവരുടെ വാദം കേൾക്കുകയും ചെയ്യും. തുടർന്ന് കേസ് ഒരു പ്രത്യേക കമ്മിറ്റിക്ക് കൈമാറുകയും, അന്തിമ വിധി പ്രഖ്യാപിക്കുകയും ചെയ്യും.
















