പുണെ: തട്ടിക്കൊണ്ടുപോകപ്പെട്ട കാർ ഡ്രൈവറെ, പുറത്താക്കപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറുടെ വസതിയിൽനിന്ന് പൊലീസ് കണ്ടെത്തി. ട്രക്ക് ഡ്രൈവര്‍ പ്രഹ്ലാദ് കുമാറിനെയാണ് കണ്ടെത്തിയത്. നവി മുംബൈയിലെ ഐറോളി സിഗ്നലില്‍ ട്രക്കും കാറും തമ്മില്‍ കൂട്ടിയിടിച്ചതിന് ശേഷം ഡ്രൈവറെ കാണാതായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഇയാളെ പൂജയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി പൊലീസ് രക്ഷിക്കുകയായിരുന്നു.
രേഖകളിൽ തട്ടിപ്പ് കാണിച്ചതിനെ തുടർന്ന് സിവിൽ സർവീസിൽനിന്ന് പുറത്താക്കപ്പെട്ട പൂജ ഖേദ്കർ ഇതോടെ വീണ്ടും വിവാദത്തിലായി. വീട്ടിലെത്തിയ പൊലീസിനോട് പൂജയുടെ അമ്മ മനോരമ ഖേദ്കർ അപമര്യാദമായി പെരുമാറുകയും വാതിൽ തുറക്കാൻ വിസമ്മതിക്കുകയും ചെയ്തു. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് മനോരമ ഖേദ്കറിന് പൊലീസ് നോട്ടിസയച്ചു. ഇവരോട് ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്. മനോരമയുടെ പേരിൽ മുൻപും ക്രിമിനൽ കേസുകളുണ്ട്.
















