ദുബായിൽ കാൽനട മേൽപ്പാലങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ എമിറേറ്റിൽ റോഡപകടങ്ങളിൽ മരണപ്പെടുന്ന കാൽനടക്കാരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തി. 2007ൽ കാൽനടക്കാരുടെ അപകട മരണനിരക്ക് ഒരു ലക്ഷത്തിൽ 9.5 ആയിരുന്നു. 2024ൽ ഇത് 0.3 പേരായി കുറഞ്ഞതായി ആർ.ടി.എയുടെ കണക്കുകൾ വ്യക്തമാക്കുന്നു. കാൽനടക്കാരുടെ മരണനിരക്ക് 97 ശതമാനം വരെ കുറക്കാൻ ആർ.ടി.എക്ക് കഴിഞ്ഞു. ദുബൈയിൽ കാൽനട ക്രോസിങ്ങുകൾ വികസിപ്പിക്കുന്നതിൽ അതോറിറ്റി നടത്തിയ ശ്രമങ്ങൾ കാൽനടക്കാരുടെ സംതൃപ്തി നിരക്ക് 88 ശതമാനമായി ഉയർത്താനും സഹായകമായി. 2023ൽ നഗരത്തിൽ കാൽനട ക്രോസിങ് ഉപയോഗിച്ചവരുടെ എണ്ണം 30.7 കോടിയായിരുന്നു. 2024ൽ ഇത് 32.6 കോടിയായി വർധിച്ചു.
ആറ് ശതമാനമാണ് വളർച്ച. കൂടാതെ സൈക്കിൾ യാത്രക്കാരുടെ എണ്ണം 2023ൽ 4.4 കോടിയായിരുന്നത് 2024ൽ 4.6 കോടിയിലെത്തി. അഞ്ച് ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. എമിറേറ്റിലെ കാൽനട മരണനിരക്ക് പൂജ്യത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ദുബൈയുടെ ട്രാഫിക് സുരക്ഷ നയത്തിന്റെ ഭാഗമായാണ് കാൽനട മേൽപാലങ്ങളുടെ നിർമാണമെന്ന് ആർ.ടി.എ ചെയർമാൻ മതാർ അൽ തായർ പറഞ്ഞു. അന്താരാഷ്ട്ര നിലവാരം അനുസരിച്ചും സൃഷ്ടിപരവും സൗന്ദര്യാത്മകവുമായി വശങ്ങൾ ഉൾപ്പെടുത്തിയുമാണ് പാലങ്ങൾ നിർമിക്കുന്നത്.
















