റാഞ്ചി: ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ ഗോർഹർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വനമേഖലയിൽ നടന്ന വെടിവയ്പ്പിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിട്ടുള്ള മാവോവാദി നേതാവ് ഉള്‍പ്പെടെ മൂന്നു മാവോവാദികളെ ആണ് സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചത്.
Hazaribagh, Jharkhand | Sahdeo Soren, a Central Committee Member of CPI(Maoist) carrying Rs 1 Crore on his head, killed in an encounter with a joint team of CoBRA battalion, Giridih and Hazaribagh Police. Naxal commanders Raghunath Hembram@Chanchal and Birsen Ganjhu@Ramkhelawan… pic.twitter.com/xfHThf1FW8
— ANI (@ANI) September 15, 2025
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) എന്ന നിരോധിത സംഘടനയുടെ സെന്‍ട്രല്‍ കമ്മിറ്റി അംഗമായ സഹദേവ് സോറന്‍ എന്ന പ്രമുഖ മാവോവാദി നേതാവാണ് കൊല്ലപ്പെട്ടത്. കിഴക്കന്‍ ഇന്ത്യയിലെ പ്രമുഖ മാവോവാദി നേതാക്കളിലൊരാളാണ് സഹദേവ് സോറന്‍.
ഝാര്‍ഖണ്ഡ് പോലീസിന്റെയും സിആര്‍പിഎഫിന്റെ കോബ്ര കമാന്‍ഡോ ബറ്റാലിയന്റെയും സംയുക്ത ദൗത്യത്തിലാണ് മാവോവാദികളെ വധിച്ചത്. ഝാര്‍ഖണ്ഡ് പോലീസിന്റെ ഗിരിധ്, ഹസാരിബാഗ് പോലീസ് യൂണിറ്റുകളാണ് ദൗത്യത്തില്‍ സിആര്‍പിഎഫിന് പിന്തുണ നല്‍കിയത്. ഹസാരിബാഗിലെ താതി ഝാരിയ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഗിരിധ് ബൊകാറോ അതിര്‍ത്തിയിലെ കരന്തി ഗ്രാമത്തിലാണ് രാവിലെ ആറുമണിയോടെ ഏറ്റുമുട്ടലാരംഭിച്ചത്. സഹദേവ് സോറന്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യമുണ്ട് എന്ന വിവരത്തെ തുടര്‍ന്നാണ് സംയുക്ത സംഘം തിരിച്ചിലിനിറങ്ങിയത്. ഇവര്‍ക്ക് നേരെ മാവോവാദികള്‍ നിറയൊഴിക്കുകയായിരുന്നു.
ഏറ്റമുട്ടലില്‍ സഹദേവ് സോറനെ കൂടാതെ സുരക്ഷാസേനകള്‍ ലക്ഷങ്ങള്‍ തലയ്ക്ക് വിലയിട്ടിരുന്ന രണ്ട് മാവോവാദികള്‍ കൂടി കൊല്ലപ്പെട്ടു. സിപിഐ മാവോയിസ്റ്റിന്റെ ബിഹാര്‍- ഝാര്‍ഖണ്ഡ് സ്‌പെഷ്യല്‍ ഏരിയാ കമ്മിറ്റി അംഗം ചഞ്ചല്‍ എന്ന എന്ന രഘുനാഥ് ഹെംബ്രാം, സോണല്‍ കമ്മിറ്റി അംഗമായ ബൈര്‍സന്‍ ഗഞ്ചു എന്ന് വിളിക്കുന്ന രാംഖേല്‍വാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതില്‍ രഘുനാഥിന് 25 ലക്ഷവും രാംഖേല്‍വാനിന് 10 ലക്ഷവുമാണ് ഇനാം പ്രഖ്യാപിച്ചിരുന്നത്. മേഖലയില്‍ മറ്റ് മാവോവാദികളുണ്ടാകാമെന്നതിനാല്‍ തിരച്ചില്‍ തുടരുകയാണ്.
















