ലഖ്‌നൗ: ഉത്തർപ്രദേശിലെ ആരോഗ്യ വകുപ്പിൽ ആൾമാറാട്ടം നടത്തി കോടികൾ തട്ടി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ ബ്രജേഷ് പഥക്കിന് നിർദ്ദേശം നൽകി. ഒരേപേരിൽ 6 ജില്ലകളിൽ എക്സ്-റേ ടെക്നീഷ്യൻമാർ ആയി ജോലി ചെയ്തുകൊണ്ടായിരുന്നു തട്ടിപ്പ്.
ഒരു വ്യക്തിയുടെ പേരും വിവരങ്ങളും ഉപയോഗിച്ച്, ആറ് വ്യത്യസ്ത ജില്ലകളിൽ വ്യാജ ഐഡന്റിറ്റികൾ സൃഷ്ടിച്ച് ആറ് പേർ ഒരേ സമയം ജോലി ചെയ്തതായി കണ്ടെത്തൽ. പല വ്യക്തികൾ ഒരേ ആളായി ആൾമാറാട്ടം നടത്തി ആറ് ജില്ലകളിൽ ഒൻപത് വർഷത്തോളം ജോലി ചെയ്ത് 4.5 കോടി രൂപ ശമ്പളമായി തട്ടിയെടുത്തു. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്പി സർക്കാരിന്റെ കാലത്ത് നടന്ന ഈ നിയമനം ഇപ്പോൾ ഒരു രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. 2016-ൽ, യുപി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ കമ്മീഷൻ (UPSSSC) എക്സ്-റേ ടെക്നീഷ്യൻ തസ്തികകളിലേക്ക് 403 പേരെ തിരഞ്ഞെടുത്തിരുന്നു. ആഗ്ര സ്വദേശിയായ അർപിത് സിങും ഇതിൽ ഉൾപ്പെട്ടിരുന്നു. ആഗ്രയിൽ ഇദ്ദേഹം ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. പിന്നീട് ഈ നിയമന ഉത്തരവും ആധാറിന്റെയും വ്യാജ പകർപ്പുകളുമുപയോഗിച്ച് ആറുപേർ കൂടി വിവിധ ജില്ലകളിൽ ജോലിയിൽ പ്രവേശിച്ചു.യുപി സർക്കാരിന്റെ മാനവ് സമ്പദ പോർട്ടൽ നടത്തിയ ഓൺലൈൻ പരിശോധനയിലാണ് ഞെട്ടിക്കുന്ന തട്ടിപ്പ് പുറത്തുവന്നത്.
ഒരേ പേരും, പിതാവിൻ്റെ പേരും, ജനനത്തീയതിയും ഉപയോഗിച്ച് ആറ് ജില്ലകളിലായി എക്സ്-റേ ടെക്നീഷ്യന്മാരായി ജോലി ചെയ്ത് ഓരോരുത്തരും പ്രതിമാസം 69,595 രൂപ ശമ്പളം കൈപ്പറ്റി.പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇവരുടെ താമസസ്ഥലം കേന്ദ്രീകരിച്ച് അന്വേഷണം നടന്നെങ്കിലും പ്രതികൾ വീട് പൂട്ടി കടന്നുകളഞ്ഞിരുന്നു. ഇവരുടെ ഫോണുകളും സ്വിച്ച്ഡ് ഓഫാണ്. സംഘത്തിന്റെ പ്രവർത്തനരീതി കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. ആറ് ജില്ലകളിൽ നിന്നുമുള്ള സർവീസ് ഫയലുകളും നിയമന ഉത്തരവുകളും ശേഖരിച്ചുവരികയാണെന്ന് ഡിസിപി (വെസ്റ്റ് സോൺ) വിശ്വജീത് ശ്രീവാസ്തവ പറഞ്ഞു.
















