പുതിയ ലോഗോ അവതരിപ്പിച്ച് BMW. ജർമനിയിലെ മ്യൂണിക് മോട്ടോർ ഷോയിലാണ് ബിഎംഡബ്ല്യു തങ്ങളുടെ പുതിയ ലോഗോ അവതരിപ്പിച്ചത്. ഒറ്റനോട്ടത്തിൽ വ്യത്യാസം കാണാൻ ബുദ്ധിമുട്ടായിരിക്കും. പക്ഷേ, ശ്രദ്ധിച്ചുനോക്കുമ്പോൾ പഴയതും പുതിയതും തമ്മിലുള്ള മാറ്റം വ്യക്തമായി മനസ്സിലാകും.
തങ്ങളുടെ പുതിയ ഇലക്ട്രിക് കാർ ഐഎക്‌സ് 3 അവതരിപ്പിക്കവെയാണ് വാഹന നിർമാതാക്കളായ BMW പുതിയ ലോഗോയും പുറത്തുവിട്ടത്.
പുതിയ ലോഗോയിൽ വരുത്തിയിരിക്കുന്നത് ലളിതമായ മാറ്റങ്ങളാണ്. പഴയ ലോഗോയിൽ നീല-വെള്ള നിറങ്ങളെ കറുപ്പിൽ നിന്ന് വേർതിരിച്ചിരുന്ന ക്രോം വളയം ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ലോഗോയിലെ അക്ഷരങ്ങളുടെ വലിപ്പത്തിലും ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ഐഎക്‌സ് 3 ഉൾപ്പെടെ BMW-യുടെ പുതിയ വാഹനങ്ങളിൽ ആദ്യ ഘട്ടത്തിൽ പുതിയ ലോഗോ ഉപയോഗിക്കും. എന്നാൽ പരമ്പരാഗത മോഡലുകളിൽ നിലവിലുള്ള ലോഗോ തന്നെ തുടരുമെന്ന് കമ്പനി വ്യക്തമാക്കി.
















