തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎഎൽഎയുടെ വാഹനം തടഞ്ഞ് എസ്എഫ്ഐ പ്രതിഷേധം. എംഎൽഎ ഹോസ്റ്റലിന് അടുത്തായാണു തടഞ്ഞത്. എംഎൽഎ സ്ഥാനം രാഹുൽ രാജി വെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്. പിന്നാലെ ജനാധിപത്യ സമരങ്ങൾക്ക് എതിരല്ലെന്നും, മാധ്യമങ്ങളെ കാണുമെന്നും രാഹുൽ പ്രതികരിച്ചു.
സഭാ സമ്മേളനത്തിൽ പങ്കെടുത്തശേഷം എംഎൽഎ ഹോസ്റ്റലിലേക്കു പോകുകയായിരുന്നു രാഹുൽ. പ്രതിഷേധം നടക്കുന്ന സമയം പൊലീസ് സ്ഥലത്തുണ്ടായിരുന്നില്ല. പിന്നീട് പൊലീസെത്തി പ്രവർത്തകരെ നീക്കി. രാഹുൽ കാറിൽനിന്ന് ഇറങ്ങിയില്ല. ഡിസിപി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. ജനാധിപത്യ സമരങ്ങൾക്ക് എതിരല്ലെന്നും, മാധ്യമങ്ങളെ കാണുമെന്നും രാഹുൽ പ്രതികരിച്ചു. ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയിരുന്നു. സ്വന്തം തീരുമാനപ്രകാരമാണു രാഹുൽ നിയമസഭയിലെത്തിയത്. നിയമസഭയിൽ വരരുതെന്ന് രാഹുലിനോട് പാർട്ടി നിർദേശിച്ചിരുന്നില്ല. സഭയിൽ വരുന്നതിനു രാഹുലിന് നിയമപരമായ തടസ്സവുമില്ല.
ആരോപണങ്ങള്‍ക്കുശേഷം അടൂരിലെ വീട്ടിലായിരുന്നു രാഹുൽ. പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നില്ല. മണ്ഡലവും സന്ദർശിച്ചിട്ടില്ല. ചില നേതാക്കളുമായി കൂടിയാലോചനയ്ക്കുശേഷമാണ് രാഹുൽ നിയമസഭയിലെത്തിയത്. രാഹുലിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതായി സ്പീക്കറെ അറിയിച്ചിട്ടുള്ളതിനാൽ പ്രത്യേക ബ്ലോക്കായാണ് സഭയിൽ ഇരുന്നത്. രാഹുലിനെതിരെയുള്ള ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ആരോപണങ്ങളെ തുടർന്ന് രാഹുൽ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദം രാജിവച്ചിരുന്നു.
















