കക്കായിറച്ചി റോസ്റ്റായും ഫ്രൈയായും എല്ലാവർക്കും പ്രിയപ്പെട്ടതാണ്. കുട്ടനാട്ടിലും കായൽ പ്രദേശങ്ങളിലും കക്കായിറച്ചി എളുപ്പത്തിൽ ലഭ്യമാണ്. പലപ്പോഴും തോടോടുകൂടി കക്കായിറച്ചി വാങ്ങുന്നവരും ഉണ്ട്. വീട്ടിലെത്തി നല്ലവണ്ണം കഴുകി പുഴുങ്ങിയാണ് സാധാരണയായി കറി ഉണ്ടാക്കാറുള്ളത്. എന്നാൽ ഇനി മുതൽ കക്കാ വേവിച്ച വെള്ളം കളയേണ്ടതില്ല. അതുപയോഗിച്ച് തന്നെ ഒരു കിടിലൻ ട്രഡീഷണൽ കറി തയ്യാറാക്കാം.
ആദ്യം തോടോടുകൂടിയ കക്കാ നന്നായി കഴുകി മണ്ണ് മുഴുവൻ നീക്കം ചെയ്യണം. ശേഷം ഒരു പാത്രത്തിൽ ചെറിയ തോതിൽ വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക. തിളച്ചുകഴിഞ്ഞാൽ കിട്ടുന്ന കക്കാ വേവിച്ച വെള്ളം ഒരു കുക്കറിലേക്ക് മാറ്റുക. അതിലേക്കു പച്ചമാങ്ങ കഷണങ്ങൾ ചേർത്ത് ഒരു വിസിൽ വരുന്നതുവരെ വേവിക്കാം.
പിന്നീട് ചെറിയുള്ളിയും വറ്റൽമുളകും ചതച്ചത് ചേർക്കണം. കുക്കറിൽ വെന്ത പച്ചമാങ്ങയും ചതച്ച ചെറിയുള്ളിയും വറ്റൽമുളകും ചേർത്ത് കക്കാവെള്ളവും ചേർത്ത് നന്നായി മാങ്ങാ ഞെരടി യോജിപ്പിക്കാം. രുചിയേറിയ ഈ കറി ചോറിനൊപ്പം കഴിക്കാൻ ഉത്തമമാണ്. വേണമെങ്കിൽ കക്കാവെള്ളത്തോടൊപ്പം കക്കായിറച്ചിയും ചേർത്ത് കൂടുതൽ രുചികരമാക്കാവുന്നതാണ്.
















