ഇന്ത്യയ്ക്ക്മേൽ തീരുവ ചുമത്തി സമ്മർദ്ദത്തിലാക്കുകയാണ് ട്രംപ് ഭരണകൂടം. എന്നാൽ സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന ഉറച്ച തീരുമാനത്തിലാണ് രാജ്യം. പക്ഷെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേലുള്ള അധിക തീരുവ കയറ്റുമതി മേഖലയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ചെമ്മീൻ കയറ്റുമതിയിലെ നഷ്ടം ഏകദേശം 25,000 കോടി രൂപയാണെന്നാണ് ആന്ധ്രാപ്രദേശ് സർക്കാർ അറിയിച്ചത്. അമേരിക്കയിലേക്കുള്ള ഏകദേശം 50 ശതമാനം കയറ്റുമതി ഓർഡറുകളും ഇതിനകം റദ്ദായതായും അധികൃതർ അറിയിച്ചു.
കയറ്റുമതി ചെയ്യുന്നതിന് 600 കോടിയോളം രൂപയുടെ അധിക തീരുവ ഭാരമാണ് വന്നിരിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ട്രംപിന്റെ തീരുവ യുദ്ധത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന മത്സ്യമേഖലയിലെ കര്‍ഷകര്‍ക്ക് അടിയന്തര സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട്, ആന്ധാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ മത്സ്യ കര്‍ഷകര്‍ക്കായി ജിഎസ്‌ടിയിൽ ഇളവ് നല്‍കണമെന്നും പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കണമെന്നും കേന്ദ്രത്തോട് നായിഡു ആവശ്യപ്പെട്ടു. ആഭ്യന്തര തലത്തില്‍ സമുദ്രോത്പന്നങ്ങളുടെ ഉപഭോഗം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
അതേസമയം, ട്രംപ് 25 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചതോടെ, മുമ്പ് നിലവിലുണ്ടായിരുന്ന 25 ശതമാനം തീരുവയ്ക്കൊപ്പം, 5.76 ശതമാനം കൗണ്ടർവെയിലിംഗ് ഡ്യൂട്ടിയും 3.96 ശതമാനം ആന്റി-ഡമ്പിംഗ് ഡ്യൂട്ടിയും ഉൾപ്പെടെ മൊത്തം തീരുവ 59.72 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്.
രാജ്യത്തെ ചെമ്മീൻ കയറ്റുമതിയുടെ 80 ശതമാനവും, സമുദ്രോത്പന്ന കയറ്റുമതിയുടെ 34 ശതമാനവും ആന്ധ്രാപ്രദേശിൽ നിന്നാണ്. പ്രതിവർഷം ഏകദേശം 21,246 കോടി രൂപയുടെ കയറ്റുമതിയാണ് ഇതിന്റെ മൂല്യം. മത്സ്യകൃഷിയുമായി ബന്ധപ്പെട്ട 2.5 ലക്ഷത്തോളം കുടുംബങ്ങളും അനുബന്ധ മേഖലകളെ ആശ്രയിക്കുന്ന 30 ലക്ഷത്തോളം ആളുകളാമാണ് പ്രതിസന്ധിയിലാകുന്നത്.
















