ഇന്ത്യ – അമേരിക്ക വ്യാപാര കരാർ ചർച്ചകൾ പുനരാരംഭിക്കുന്നതിനായി യുഎസ് പ്രതിനിധികൾ ചൊവ്വാഴ്ച ഡൽഹിയിലെത്തുമെന്ന് വാണിജ്യ മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗർവാൾ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ഇന്ത്യയ്ക്കു മേൽ അമേരിക്ക 50 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയതിനു ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടു നടക്കുന്ന ആദ്യ വ്യാപാര ചർച്ചയാണിത്. ഇതിനായി യു.എസ് ചീഫ് നെഗോഷ്യേറ്റർ ബ്രെൻഡൻ ലിഞ്ച് ഇന്ന് ഇന്ത്യയിലെത്തുകയാണ്. സൗത്ത് & സെൻട്രൽ ഏഷ്യയിലെ യു.എസിന്റെ വ്യാപാര പ്രതിനിധി കൂടിയാണ് അദ്ദേഹം.
നേരത്തെ ഇന്ത്യയും, യു.എസും തമ്മിൽ വ്യാപാര ചർച്ചകൾ നടന്നിരുന്നു. എന്നാൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യൻ ഇന്ധത്തിന്റെ പേരിൽ ഇന്ത്യയ്ക്ക് 25% അധിക തീരുവ ഏർപ്പെടുത്തിയത് തിരിച്ചടിയായി. യു.എസ് ഉദ്യോഗസ്ഥർ കഴിഞ്ഞ മാസം ഇന്ത്യയിലെത്തി നടത്താനിരുന്ന ചർച്ചകളും മുടങ്ങി.
യു.എസ് സമ്മർദ്ദങ്ങൾക്കിടയിലും ഇന്ത്യ റഷ്യയുമായുള്ള ബന്ധം ശക്തമാക്കുകയാണ്. ഇന്ധനം വങ്ങുന്നതിൽ നിന്ന് പിന്നോട്ട് പോയിട്ടുമില്ല. മാത്രമല്ല, യു.എസിന് പുറത്ത് പുതിയ വിപണികൾ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. അതേസമയം ഇന്ത്യയ്ക്കും, ചൈനയ്ക്കും റഷ്യൻ ഇന്ധനത്തിന്റെ പേരിൽ 100% വരെ അധിക തീരുവ ചുമത്തണമെന്ന് യൂറോപ്യൻ യൂണിയനോടും, ജി 7 രാജ്യങ്ങളോടും ട്രംപ് ആവശ്യപ്പെട്ടിരുന്നു. യു.എസ് സമ്മർദ്ദം കാര്യമായി വിലപ്പോകാത്തതിനാലാണ് ട്രംപ് ജി 7 രാജ്യങ്ങളെ കളത്തിലിറക്കാൻ ശ്രമിക്കുന്നതെന്ന തരത്തിലുള്ള വിലയിരുത്തലുകളും വന്നിരിന്നു.
ഈ സാഹചര്യത്തിൽ ഇന്ത്യയുമായി ഒരു ഇടക്കാല വ്യാപാര കരാർ രൂപീകരിക്കാനാണ് യു.എസ് ശ്രമം. അതേ സമയം ഇന്ത്യയിലെ കാർഷിക-ഡയറി വിപണികൾ യു.എസ് കമ്പനികൾക്കായി തുറന്നു നൽകണമെന്ന ട്രംപിന്റെ ആവശ്യം വിലങ്ങു തടിയാകുമോ എന്ന ആശങ്കകളും നിലവിലുണ്ട്.നേരത്തേ മുതൽ, യു.എസ് ഉന്നയിക്കുന്ന ഈ ആവശ്യത്തിന് കേന്ദ്രസർക്കാർ അണുവിട പോലും വഴങ്ങിയിട്ടില്ല. ഇങ്ങനെ സംഭവിച്ചാൽ അത് ഇന്ത്യയിലെ കാർഷിക-ഡയറി വിപണികളിൽ യു.എസ് ആധിപത്യത്തിന് കാരണമാകുമെന്നും, കർഷകർക്ക് തിരിച്ചടിയാകുമെന്നും, അത് ദോഷം ചെയ്യുമെന്നും സർക്കാർ വിലയിരുത്തുന്നു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉഭയക്ഷി വ്യാപാരം പ്രധാനമാണെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെ കഴിഞ്ഞ വാരം അഭിനന്ദിച്ചിരുന്നു. വ്യാപാര യുദ്ധത്തിനിടെ യു.എസ് പ്രതിനിധികൾ ഇന്ത്യയിലേക്ക് എത്തുന്നതും മഞ്ഞുരുക്കത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. ഇന്ത്യ-യു.എസ് ട്രേഡ് ഡീൽ ഇടക്കാലത്തേക്കെങ്കിലും യാഥാർത്ഥ്യമായാൽ അത് ഇന്ത്യൻ ഓഹരി വിപണിയിൽ ചലനമുണ്ടാക്കിയേക്കും.
















