സൗഹൃദങ്ങള്‍ തീര്‍ച്ചയായും പല കാരണങ്ങള്‍ കൊണ്ടും അനിവാര്യമാണ്. ഇത് കേവലം വൈകാരിക പിന്തുണയോ കൂട്ടോ നല്‍കുന്നതില്‍മാത്രം ഒതുങ്ങുന്നില്ല. ഒറ്റപ്പെടലും ഏകാന്തതയും ഇല്ലാതാക്കാനും ഇത് നമ്മെ സഹായിക്കുന്നു. സുഹൃത്തുക്കളുടെ നല്ല ഉപദേശം, മാര്‍ഗദര്‍ശനം, സഹായം എന്നിവ നമ്മെ നല്ല തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുന്നു. ഒപ്പം വെല്ലുവിളികളില്‍ നിന്ന് ഒഴിഞ്ഞ് മാറാനും അവര്‍ നമ്മളെ സഹായിക്കും. ശക്തമായ ഒരു സൃഹൃദക്കൂട്ടായ്‌മ നമുക്കുണ്ടെങ്കില്‍ ഇത് നമുക്ക് ഒരു സാമൂഹ്യ ബോധം നല്‍കുമെന്നും പിന്തുണ ഉറപ്പാക്കുമെന്നും മാനസിക ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.
സുഹൃത്തുക്കള്‍ ഉണ്ടായിട്ടും നിങ്ങള്‍ക്ക് ഏകാന്തത അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ഒരു സങ്കീര്‍ണമായതും എന്നാല്‍ പൊതുവെയുള്ളതുമായ ഒരു പ്രശ്‌നമാണ്. ഇതിന് നിരവധി ഘടകങ്ങളുണ്ടാകാം. അടുത്തിടെ ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂള്‍ നടത്തിയ ഒരു പഠനത്തില്‍ ഈ സൗഹൃദ മാന്ദ്യത്തെക്കുറിച്ച് പറയുന്നു. അതായത് അടുത്ത സുഹൃത്തുക്കളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടാകുന്നുവത്രേ. 1990 മുതല്‍ പത്തോ അതില്‍ കൂടുതലോ സുഹൃത്തുക്കള്‍ ഉള്ളവരുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടായിരിക്കുന്നുവെന്നാണ് പഠനം പറയുന്നത്.
സൗഹൃദം നിലനിര്‍ത്തുന്നതിലുണ്ടായിരിക്കുന്ന മാറ്റമാണ് ഇത്. അമേരിക്കയില്‍ പ്രായപൂര്‍ത്തിയായവരില്‍ നടത്തിയ ഒരു സര്‍വേയില്‍ അടുത്ത സുഹൃത്തുക്കളില്ലാത്തവരുടെ എണ്ണം 1990 ന് ശേഷം മൂന്നിരട്ടിയായെന്ന് പഠനം പറയുന്നു. പത്തോ അതിലേറെയോ അടുത്ത സുഹൃത്തുക്കളുള്ളവരുടെ എണ്ണം പന്ത്രണ്ട് ശതമാനത്തിലേക്ക് കൂപ്പു കുത്തിയിരിക്കുന്നു. ഈയൊരു പ്രവണത ലോക്‌ഡൗണിന് മുമ്പ് തന്നെ തുടങ്ങിയതാണ്. പതിറ്റാണ്ടുകളായി അമേരിക്കക്കാര്‍ നിരന്തരം സുഹൃത്തുക്കളുമായി ആഴ്‌ചയില്‍ ആറര മണിക്കൂര്‍ വരെ ചെലവിട്ടിരുന്നു. 2014 മുതല്‍ 2019 വരെ ഈ കണക്ക് നാല് മണിക്കൂറായി ചുരുങ്ങി.
ഈ പ്രവണത കാര്യം ഗുരുതരമാണെന്ന സൂചനയാണ് നല്‍കുന്നത്. സുഹൃത്തിന്‍റെ സമയം നമുക്ക് നല്‍കുന്നൊരു അംഗീകാരമാണ്. പക്ഷേ ഇതിന് ചില മുന്‍ഗണനകളുമുണ്ട്. നാം നമ്മുടെ സമയം ചെലവിടുന്ന രീതി, ആര്‍ക്ക് വേണ്ടിയാണ് സമയം ചെലവിടുന്നത്, മറ്റ് എന്ത് മുന്‍ഗണന ഉണ്ടാകുമ്പോഴാണ് ഇതില്‍ മാറ്റം വരുന്നത് തുടങ്ങിയവ ഇതില്‍ പ്രധാനമാണ്. നമ്മുടെ മുന്‍ഗണനകള്‍ ശ്രദ്ധയോടെ ചിട്ടപ്പെടുത്തിയില്ലെങ്കില്‍ അല്ലെങ്കില്‍ ബന്ധങ്ങള്‍ അര്‍ത്ഥപൂര്‍ണമായി പരിചരിച്ചില്ലെങ്കില്‍ ഭാവിയില്‍ നമുക്ക് വലിയ വെല്ലുവിളികളാകും നേരിടേണ്ടി വരിക. കാരണം നമ്മുടെ സന്തോഷവും മികച്ച ജീവിതവും നല്‍കുന്നത് ഇത്തരം സൗഹൃദങ്ങളാണെന്നത് തന്നെ.
നമ്മിലെത്ര പേര്‍ സൗഹൃദങ്ങള്‍ സംരക്ഷിക്കുന്നതില്‍ ആരോഗ്യപരമായി ഇടപെടുന്നുണ്ട്. യുവാക്കള്‍ ഏറെ നേരവും സാമൂഹ്യമാധ്യമങ്ങളില്‍ ചെലവിടുന്നു. പ്രശ്‌നങ്ങള്‍ ഉള്ളിലൊതുക്കുന്നതില്‍ സാമൂഹ്യമാധ്യമങ്ങള്‍ ഗുണകരമായ പങ്കാണോ അതോ മറിച്ചുള്ള പങ്കാണോ വഹിക്കുന്നത് എന്നത് ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ഒപ്പം കൗമാരക്കാരുടെ ജീവിതവും. ഈ സാംസ്‌കാരിക വിഷയം പക്ഷേ ഡിജിറ്റല്‍ സുഹൃത്തുക്കള്‍ വ്യക്തിഗത സുഹൃത്തുക്കളായി മാറുമ്പോള്‍ ഉണ്ടാകുന്നില്ല. എന്നാല്‍ ഓണ്‍ലൈനില്‍ മാത്രമൊതുങ്ങുന്ന സൗഹൃദങ്ങള്‍ വ്യത്യസ്‌തമായ സാമൂഹ്യ സ്വഭാവമുള്ളതാണ്.
ഓണ്‍ലൈനിലെ സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ നമുക്ക് നന്നായി ഒരു സന്ദേശം അയക്കാനുള്ള നൈപുണ്യം ഉണ്ടായാല്‍ മതി. ഒരേസമയം തന്നെ നമുക്ക് ഇത്തരം സന്ദേശങ്ങള്‍ നിരവധി പേരിലേക്ക് എത്തിക്കാനുമാകും. എന്നാല്‍ വ്യക്തിബന്ധങ്ങളില്‍ അത് പോരാ കൃത്യമായി എല്ലാവരിലേക്കും പ്രത്യേകം പ്രത്യേകമായി ശ്രദ്ധ എത്തേണ്ടതുണ്ട്. മുഖാമുഖമുള്ള ബന്ധവും അനിവാര്യമാണ്. ഡിജിറ്റല്‍ ഇടപെടലിലൂടെയാണ് യുവതലമുറ വളര്‍ന്ന് വരുന്നതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒരുകാലത്ത് ആഴത്തിലുള്ള മാനുഷിക ബന്ധങ്ങള്‍ക്ക് കാരണമായിരുന്ന വ്യക്തിപരമായ ബന്ധങ്ങള്‍ വികസിപ്പിക്കുന്നതില്‍ അവര്‍ക്കുള്ള നൈപുണ്യം വികസിപ്പിക്കാനാകാതെയും വരുന്നു.
സാമൂഹ്യമാധ്യമങ്ങള്‍ നമ്മെ തമ്മില്‍ വലിയതോതില്‍ കൂട്ടിയിണക്കുന്നുവെന്നാണ് അവരുടെ പരസ്യ വാചകം. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ സമയം ചെലവിടുന്നവര്‍ തികച്ചും ഏകാകികളാണെന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. സ്‌മാര്‍ട്ട് ഫോണുകള്‍ നിങ്ങളുടെ പ്രിയപ്പെട്ട കുടുംബവുമായോ സുഹൃത്തുക്കളുമായോ ചെലവിടാനുള്ള സമയമാണ് അപഹരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങള്‍ ഒരിക്കലും നമ്മുടെ വിരസതയെയോ ഉത്‌കണ്‌ഠയെയോ ഏകാന്തതയെയോ ഇല്ലാതാക്കുന്നില്ല. ഒടുവില്‍ നമുക്ക് പ്രിയപ്പെട്ടവരില്‍ തന്നെ അഭയം തേടേണ്ടി വരുന്നു.
ചില വ്യക്തിപരമായ ശ്രമങ്ങള്‍ ഉണ്ടായാല്‍ നമുക്ക് ഈ സൗഹൃദ മാന്ദ്യത്തെ മറികടക്കാനാകുമെന്ന് ചില ശാസ്‌ത്രീയ പഠനങ്ങള്‍ പറയുന്നു.ഒരേ തരം ആശയങ്ങള്‍ പങ്കിടുന്ന ഒരു സംഘത്തെ വിളിച്ച് കൂട്ടി നേരിട്ട് നമുക്ക് ദീര്‍ഘകാല സൗഹൃദക്കൂട്ടായ്‌മകള്‍ രൂപപ്പെടുത്താം. ഇത് വളരെ ഗൗരവമുള്ള സംഘമൊന്നുമാകേണ്ടതില്ല. പരസ്‌പരം ബന്ധപ്പെടാനാഗ്രഹിക്കുന്നവരെ മാത്രമേ ഇത്തരത്തില്‍ കൂട്ടാവൂ എന്നും പഠനം നടത്തിയ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
സൗഹൃദം നിലനിര്‍ത്തണമെങ്കില്‍ നിരന്തര പ്രയ്‌ത്‌നം വേണം. പ്രത്യേകിച്ച് കുടുംബത്തിനും ജോലിക്കും മുന്‍ഗണന നല്‍കുന്ന ഒരു സംസ്‌കാരത്തിന് മുന്‍ഗണന നല്‍കുന്നവരാകണം. ഒരു സാമൂഹ്യ സംവിധാനത്തില്‍ നില്‍ക്കുന്നവരും പങ്കെടുക്കുന്നവരുമാകുമ്പോള്‍ നന്നാകും. ഉദാഹരണത്തിന് നൃത്ത ക്ലാസുകളില്‍ ചേരുക, പരിപാടികളില്‍ പങ്കെടുക്കുക, ആഴ്‌ചതോറുമുള്ള വ്യായാമക്കൂട്ടായ്‌മകള്‍ തുടങ്ങിയവ നിങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് കരുത്തേകിയേക്കും. ഒരുമിച്ചുള്ള ഓട്ടം,പാചകം, തുടങ്ങിയവയും ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കും. മാറി മാറി ഓരോരുത്തര്‍ ആതിഥേയത്വം ഏറ്റെടുത്താല്‍ ബന്ധങ്ങളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വരാനാകും. പുതുമയും പരസ്‌പര ഇടപെടലും നിലനിര്‍ത്താനും.
മാനസിക ശാരീരികാരോഗ്യത്തിന് സുഹൃത്തുക്കളുമായി സമയം ചെലവിടുന്നത് വളരെ നിര്‍ണായകമാണ്. നല്ല സുഹൃത്തുക്കള്‍ നിങ്ങളുടെ നല്ല ആരോഗ്യത്തിന് ഉത്തമമാണ്. സുഹൃത്തുക്കള്‍ക്ക് നിങ്ങളുടെ സന്തോഷ നിമിഷങ്ങളെ ആഘോഷമാക്കാനും സങ്കട വേളകളില്‍ താങ്ങാകാനും സാധിക്കും.
















