6 വയസ്സു വരെയുള്ള കുട്ടികൾക്ക് അറബിക് പഠനം ആരംഭിച്ച് ദുബായ്. 3 ഘട്ടമായുള്ള പദ്ധതിയിൽ 4 മുതൽ 6 വയസ്സു വരെയുള്ള കുട്ടികൾക്കാണ് അറബിക് പഠനം ആരംഭിച്ചത്. രണ്ടാം ഘട്ടത്തിൽ 3 മുതൽ 4 വയസ്സ് വരെയും അവസാന ഘട്ടത്തിൽ 3 വയസ്സു വരെയുള്ള ശിശുക്കളിലേക്കും പഠനം വ്യാപിപ്പിക്കും. ഇതിന്റെ ഭാഗമായി സ്വകാര്യ സ്കൂളുകളിലെ കിൻഡർഗാർട്ടനിലും നഴ്സറികളിലും അറബിക് പഠനം കൂടി ഉൾപ്പെടുത്തിയ സിലബസ് പരിഷ്കരിച്ചു.
പുതിയ നിയമം അനുസരിച്ച് എമിറേറ്റിലെ മുഴുവൻ സ്വകാര്യ നഴ്സറികളിലും സ്കൂളുകളിലെ കിൻഡർഗാർട്ടനിലും അറബിക് പഠനം ഉടൻ ആരംഭിക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. പുതുതായി തുടങ്ങുന്ന സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമായിരിക്കും. ആഴ്ചയിൽ കുറഞ്ഞത് 200 മുതൽ 300 മിനിറ്റ് വരെ അറബിക് പഠനത്തിനായി മാറ്റി വയ്ക്കണമെന്നാണ് നിബന്ധന.
പുതിയതും നിലവിലുള്ളതുമായ അധ്യാപകർക്ക് അറബിക് പഠിപ്പിക്കുന്നതിനുള്ള യോഗ്യത ഉണ്ടെന്ന് ഉറപ്പാക്കാൻ 3 വർഷത്തെ സാവകാശം നൽകിയിട്ടുണ്ട്. കൂടാതെ ദേശീയ കരിക്കുലം അനുസരിച്ചാണ് അറബിക് പഠിപ്പിക്കുന്നതെന്ന് സ്കൂളുകൾ ബോധ്യപ്പെടുത്തണം.
STORY HIGHLIGHT: Dubai makes learning Arabic mandatory
















