മില്‍മ പാലിന് വില കൂട്ടില്ല. ജിഎസ്ടി കുറയ്ക്കുന്ന ഘട്ടത്തില്‍ പാല്‍ വില കൂട്ടുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 2026 ജനുവരി മാസത്തോടെ മില്‍മ പാല്‍ വിലവര്‍ധന നടപ്പിലാക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കണമെന്നാണ് കമ്മിറ്റി തീരുമാനിച്ചത്. പാല്‍വില വര്‍ധിപ്പിക്കേണ്ടെന്ന് മില്‍മയ്ക്ക് നിലപാടില്ലെന്നും അതിനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും മില്‍മ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു.
പാലിന്റെ വില കൂട്ടുന്നതുമായി ബന്ധപ്പെട്ട രണ്ടാംഘട്ട മില്‍മ ബോര്‍ഡ് യോഗമാണ് ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്നത്. ഓണത്തിന് ശേഷം പാല്‍വില പരമാവധി അഞ്ച് രൂപ വരെ വര്‍ധിപ്പിക്കുമെന്ന് വലിയ പ്രചരണം ഉണ്ടായിരുന്നു. നേരത്തെ പാല്‍വില കൂട്ടേണ്ടതിന്റെ സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷമാണ് പാല്‍വില കൂട്ടേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ പാല്‍ വില കൂട്ടാത്തതിനെതിരെ ചില യൂണിയനുകള്‍ യോഗത്തില്‍ തന്നെ എതിര്‍പ്പറിയിച്ചു. വില കൂട്ടാത്തതില്‍ പ്രതിഷേധിച്ച് എറണാകുളം മേഖലാ യൂണിയന്‍ ബോര്‍ഡ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
STORY HIGHLIGHT : Milma will not increase milk prices
















