തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ചൊവ്വാഴ്ചകളില്‍ പ്രത്യേക സ്ത്രീ ക്ലിനിക്കുകൾ. ജനകീയാരോഗ്യകേന്ദ്രങ്ങളിലും നഗര ആരോഗ്യ കേന്ദ്രങ്ങളിലും സ്ത്രീ ക്ലിനിക്കുകൾ ചൊവ്വാഴ്ചകളിൽ ഉണ്ടാകും. വിളര്‍ച്ച, പ്രമേഹം, രക്താതിമര്‍ദം, കാന്‍സര്‍ സ്‌ക്രീനിംഗ് തുടങ്ങിയവയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുടെയും പരിശോധനയ്ക്ക് മുന്‍ഗണന നല്കും.
അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കായി പ്രത്യേക പരിശോധനകളും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വിദഗ്ധ പരിശോധനകളും ബോധവത്കരണവും നടത്തും. പരമാവധി സ്ത്രീകള്‍ വെല്‍നസ് ക്ലിനിക്കുകളില്‍ വന്ന് ആരോഗ്യ പരിശോധന നടത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
സ്ത്രീ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം പള്ളിത്തുറ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് നിര്‍വഹിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. രാവിലെ ഒമ്പത് മുതല്‍ പള്ളിത്തുറ ജനകീയാരോഗ്യ കേന്ദ്രത്തില്‍ പ്രത്യേക സ്‌പെഷ്യാലിറ്റി ക്യാമ്പ് സംഘടിപ്പിക്കും.
പൊതുജനാരോഗ്യ സംവിധാനത്തിന്‍ ആവശ്യമായ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ക്ലിനിക്കുകള്‍, അയല്‍ക്കൂട്ട സ്‌ക്രീനിംഗ് ക്യാമ്പുകള്‍, വിദഗ്ധ സ്‌പെഷ്യലിസ്റ്റ് സേവനങ്ങള്‍ എന്നിവ ഒരുക്കുന്നതിനായാണ് സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്.
















