തിരുവനന്തപുരം: പരിശോധന നടത്താനായി ഇറങ്ങിയ ട്രെയിന്‍ മാനേജര്‍(ഗാര്‍ഡ്) അടിയില്‍ നില്‍ക്കുമ്പോള്‍ ട്രെയിന്‍ നീങ്ങി. പെട്ടെന്നു ട്രാക്കിൽ കമിഴ്ന്നു കിടന്നതിനാൽ 2 കോച്ചുകൾ കടന്നു പോയെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു. തിരുവനന്തപുരം കുണ്ടമണ്‍കടവ് സ്വദേശിനി ടി കെ ദീപയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
ഇന്നലെ രാവിലെ 9.15ന് തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്കു പുറപ്പെട്ട നേത്രാവതി എക്സ്പ്രസിന്റെ കോച്ചിനടിയിൽ നിന്ന് പുക ഉയരുന്നത് മുരുക്കുംപുഴ സ്റ്റേഷനിലെ ജീവനക്കാരാണു കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് ട്രെയിൻ ചിറയിൻകീഴിൽ നിർത്തി. എവിടെ നിന്നാണ് പുക ഉയരുന്നതെന്ന് പരിശോധിക്കാനായി ദീപ ട്രെയിനിന് അടിയിലേക്ക് ഇറങ്ങി. പരിശോധനയ്ക്ക് ഇടയിൽ ട്രെയിൻ മുന്നോട്ട് എടുക്കുകയായിരുന്നു.
ഞൊടിയിടയില്‍ ട്രാക്കില്‍ കമിഴ്ന്ന് കിടന്നതുമൂലമാണ് ദീപയ്ക്ക് ജീവന്‍ രക്ഷിക്കാനായത്. ഇതിനിടയില്‍ വോക്കിടോക്കിയിലൂടെ ലോക്കോ പൈലറ്റുമാരെ ബന്ധപ്പെടാന്‍ ദീപ ശ്രമിച്ചിരുന്നതായും കണ്ടുനിന്നവര്‍ പറഞ്ഞു. ആളുകള്‍ ഉച്ചത്തില്‍ ബഹളം വച്ചതോടെയാണ് ട്രെയിന്‍ നിര്‍ത്തിയത്. സ്‌റ്റേഷനിലെ ഗേറ്റ് കീപ്പര്‍ എത്തിയാണ് ദീപയെ പുറത്തെത്തിച്ചത്.
















