ദുബായിൽ കാൽനട, സൈക്കിൾ യാത്രക്കാർക്ക് പ്രത്യേക പാതയൊരുക്കിയതോടെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. 2007-ൽ ലക്ഷത്തിൽ 9.5 പേർ അപകടങ്ങളിൽ മരിച്ചിരുന്ന സ്ഥാനത്ത്, 2024-ൽ അത് 0.3 ആയി കുറഞ്ഞു.
മരണനിരക്കിൽ 97% കുറവാണ് രേഖപ്പെടുത്തിയത്. കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും സുരക്ഷിതമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.
കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 2030-ഓടെ 23 പുതിയ നടപ്പാതകൾ കൂടി നിർമിക്കാൻ പദ്ധതിയുണ്ടെന്നും ആർടിഎ വ്യക്തമാക്കി.
റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരങ്ങളെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. പുതിയ സൗകര്യങ്ങൾ ഒരുക്കിയതോടെ കാൽനട, സൈക്കിൾ യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ വർധനവുണ്ടായി.
2023-ൽ 30.7 കോടി യാത്രക്കാരാണ് നടപ്പാതകൾ ഉപയോഗിച്ചത്. ഇത് 2024-ൽ ആറ് ശതമാനം വർധിച്ച് 32.6 കോടിയായി. സൈക്കിൾ യാത്രക്കാരുടെ എണ്ണവും അഞ്ച് ശതമാനം വർധിച്ച് 4.66 കോടിയായി.
















