ആലപ്പുഴ: ചേർത്തലയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപെട്ട് 28 പേർക്ക് പരുക്ക്. കോയമ്പത്തൂർ – തിരുവനന്തപുരം ബസ്സാണ് അപകടത്തിൽപെട്ടത്. ദേശീയപാതയിലെ അടിപ്പാതയിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. ദേശീയപാത നിർമാണം നടക്കുന്നതിനാൽ വച്ചിരിക്കുന്ന ഡിവൈഡർ ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. ഇതാണ് അപകടത്തിനു വഴിയൊരുക്കിയത്.
ബസ് അമിത വേഗതയിലായിരുന്നുവെന്നും ഇതാണു നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നുമാണ് യാത്രക്കാർ പറയുന്നത്. ഇന്ന് പുലർച്ചെ 4-30 ഓടെയായിരുന്നു സംഭവം. ചേർത്തലയിൽ നിന്നും അഗ്നിശമനസേനയെത്തി ബസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറേയും കണ്ടക്ടറേയും പുറത്തെടുത്തത്. സാരമായി പരിക്കേറ്റ 11 പേരെ വണ്ടാനം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. വാഹനങ്ങൾ തിരിച്ചുവിടുന്ന സിഗ്നൽ കാണാതെ വന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.
















