2025-26 അസസ്മെൻ്റ് വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകൾ (ITR) ഫയൽ ചെയ്യുന്നതിനുള്ള അവസാന അവസരമാണ് ഇന്ന്. ആദായനികുതി വകുപ്പ് തിങ്കളാഴ്ച ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി ഒരു ദിവസത്തേക്ക് നീട്ടി, സെപ്റ്റംബർ 15-ൽ നിന്ന് സെപ്റ്റംബർ 16-ലേക്ക് മാറ്റിയിരുന്നു. നേരത്തെ ജൂലൈ 31-ന് നിശ്ചയിച്ചിരുന്ന സമയപരിധി ഇത് രണ്ടാം തവണയാണ് നീട്ടുന്നത്. കണക്കുകള്‍ പ്രകാരം സെപ്റ്റംബർ 15 വരെ 7.3 കോടിയിലധികം ഐടിആർ ഫയൽ ചെയ്‌തു. ഈ വര്‍ഷത്തെ ഐടിആര്‍ കഴിഞ്ഞ വര്‍ഷത്തെ ഐടിആര്‍ തുകയായ 7.28 കോടി രൂപയെ മറികടന്നുവെന്ന് സിബിഡിടി എക്‌സിലൂടെ അറിയിച്ചു. “ഐടിആർ ഫയലിങുകൾ കൂടുതൽ സുഗമമാക്കുന്നതിന്, അവസാന തീയതി ഒരു ദിവസം കൂടി (2025 സെപ്റ്റംബർ 16) നീട്ടിയിരിക്കുന്നു”. സിബിഡിടി പറഞ്ഞു.
2025-26 വർഷത്തേക്കുള്ള ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതിയായ ഇന്നലെ ഇ-ഫയലിങ് പോർട്ടലിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കൂടാതെ, ഇന്നലെയായിരുന്നു സാമ്പത്തിക വർഷത്തേക്കുള്ള രണ്ടാം പാദ ഗഡു മുൻകൂർ നികുതി അടയ്ക്കുന്നതിനുള്ള അവസാന തീയതി. പോര്‍ട്ടലില്‍ തിരക്ക് വന്നതോടെ സാങ്കേതിക തകരാറുകള്‍ അനുഭവപ്പെട്ടു.
തിങ്കളാഴ്‌ച ഏറെ വൈകിയാണ് ബ്രൗസർ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങള്‍ ആദായനികുതി വകുപ്പ് നികുതിദായകർക്ക് പങ്കിട്ടത്. പ്രാദേശിക ആക്‌സസ് സംബന്ധമായ എല്ലാ ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ ഈ നിർദേശങ്ങള്‍ സഹായിക്കുമെന്ന് വകുപ്പ് അറിയിച്ചു.
“ആദായനികുതി ഇ-ഫയലിംഗ് പോർട്ടൽ ആക്‌സസ് ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ടോ? ചിലപ്പോൾ, പ്രാദേശിക സിസ്റ്റം/ബ്രൗസർ ക്രമീകരണങ്ങൾ കാരണം ആദായനികുതി ഇ-ഫയലിങ് പോർട്ടലിലേക്കുള്ള ആക്‌സസ് ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ഈ ലളിതമായ സ്‌റ്റെപ്പുകള്‍ വഴി പ്രശ്‌നങ്ങൾ പരിഹരിക്കാം”. ആദായ നികുതി വകുപ്പ് എക്‌സിലെ ഒരു പോസ്‌റ്റില്‍ പറഞ്ഞു. എന്നാല്‍ പോസ്‌റ്റിട്ടതിന് പിന്നാലെ നിർദേശങ്ങള്‍ പാലിച്ച് ഫയലിങ് നടത്തിയവര്‍ക്കും വീണ്ടും തകരാറുകള്‍ നേരിടേണ്ടി വന്നു.
നികുതി അടയ്ക്കുന്നതിലും എഐഎസ് ഡൗൺലോഡ് ചെയ്യുന്നതിലും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് ആരോപിച്ച് നിരവധി ചാർട്ടേഡ് അക്കൗണ്ടൻ്റുമാരും വ്യക്തികളും കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിലിലൂടെ രംഗത്ത് എത്തിയിരുന്നു. തിങ്കളാഴ്‌ച ഇ-ഫ്ലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെന്ന് നെറ്റിസൺമാർ പരാതിപ്പെട്ടു.
ജൂലൈ-സെപ്റ്റംബർ പാദത്തിലെ മുൻകൂർ നികുതി അടയ്ക്കാൻ കഴിയാത്തതിനെക്കുറിച്ചും ചിലർ പരാതിപ്പെട്ടു. എന്നാല്‍ നിരവധി പരാതികള്‍ വന്നതിന് പിന്നാലെ പോര്‍ട്ടലുമായി ബന്ധപ്പെട്ട് തകാരാറുകള്‍ ഒന്നുമില്ലെന്ന് അറിയിച്ച് ആദായ നികുതി വകുപ്പ് രംഗത്തെത്തിയിരുന്നു.
“ഇ-ഫയലിങ് പോർട്ടൽ നന്നായി പ്രവർത്തിക്കുന്നു. ദയവായി നിങ്ങളുടെ ബ്രൗസർ കാഷെ മായ്‌ക്കുക. അല്ലെങ്കിൽ മറ്റൊരു ബ്രൗസർ വഴി പോർട്ടൽ ആക്‌സസ് ചെയ്യാൻ ശ്രമിക്കുക” ആദായ നികുതി വകുപ്പ് എക്‌സില്‍ കുറിച്ചു. പാൻ, മൊബൈൽ നമ്പർ എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ orm@cpc.incometax.gov.in എന്ന ഇമെയിൽ ഐഡിയിൽ പങ്കുവയ്ക്കാനും ആളുകളോട് ആവശ്യപ്പെട്ടു.
ഏപ്രിൽ അവസാനത്തിലും മെയ് തുടക്കത്തിലുമായി ഐടിആർ ഫോമുകളിലെ ഘടനാപരവും ഉള്ളടക്കപരവുമായ പരിഷ്‌കാരങ്ങൾ കണക്കിലെടുത്താണ് ഈ വിപുലീകരണം നടത്തിയത്. സെപ്റ്റംബർ 16 ന് പുലർച്ചെ 12 മുതൽ 2.30 വരെ ഇ-ഫയലിങ് പോർട്ടൽ മെയിൻ്റനൻസ് പ്രവൃത്തികള്‍ തുടരുമെന്നും തൊട്ടുമുമ്പ് പുറത്തിറക്കിയ പ്രസ്‌താവനയിൽ സിബിഡിടി പറഞ്ഞു.
വർഷങ്ങളായുള്ള ഐടിആർ ഫയലിങുകളിൽ സ്ഥിരമായ വളർച്ച കാണിക്കുന്നുണ്ട്. 2024-25 വർഷത്തിൽ, 2024 ജൂലൈ 31 വരെ 7.28 കോടി റെക്കോഡ് ഐടിആറുകൾ ഫയൽ ചെയ്യപ്പെട്ടു. 2023-24 വർഷത്തിൽ ഇത് 6.77 കോടിയായിരുന്നു. ഇത് വാർഷികാടിസ്ഥാനത്തിൽ 7.5 ശതമാനം വളർച്ച രേഖപ്പെടുത്തി.
സെപ്റ്റംബർ 15 ന് ശേഷവും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് ഒരു തടസമില്ല. എന്നാൽ നിശ്ചിത തീയതിക്ക് ശേഷം ഫയൽ ചെയ്യുന്ന ആദായ നികുതി റിട്ടേണുകളെ ബിലേറ്റഡ് ഐടിആർ എന്നാണ് പറയുക. 2025 ഡിസംബർ 31 വരെ ബിലേറ്റഡ് ഐടിആർ ഫയൽ ചെയ്യാൻ സാധിക്കും. പക്ഷേ ലേറ്റ് ഫീസ്, പിഴ, പലിശ എന്നിവ നൽകേണ്ടി വരും. കൂടാതെ ചില ആനുകൂല്യങ്ങളും നഷ്‌ടമാകും.
സെക്ഷൻ 234എഫ് പ്രകാരം ബിലേറ്റഡ് റിട്ടേണുകൾക്ക് 5000 രൂപ വരെ പിഴ ഈടാക്കാം. വരുമാനം അഞ്ച് ലക്ഷത്തിൽ താഴെയാണെങ്കിൽ പിഴ 1000 രൂപയും അഞ്ച് ലക്ഷത്തിന് മുകളിൽ 5000 രൂപയുമാണ്. സമയപരിധിക്ക് ശേഷം റിട്ടേൺ സമർപ്പിക്കുമ്പോൾ സെക്ഷൻ 234എ പ്രകാരം അടയ്ക്കാതെ നികുതിക്ക് പ്രതിമാസം ഒരു ശതമാനം വരെ നികുതി ചുമത്തും. ബിലേറ്റഡ് റിട്ടേൺ സമർപ്പിക്കുന്നവർക്ക് ഈ അസസ്മെൻ്റ് വർഷത്തെ (2025-26) നഷ്‌ടം അടുത്ത വർഷത്തെ റിട്ടേണിൽ കുറയ്‌ക്കാനുള്ള അവസരം ലഭിക്കില്ല.
ആവശ്യമായ പ്രധാന രേഖകൾ
ഫോം 16 (ഭാഗം എ, ബി)
ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകളും പലിശ സർട്ടിഫിക്കറ്റുകളും
മൂലധന നേട്ട പ്രസ്‌താവന (Capital Gain Statement)
AIS, TIS & ഫോം 26AS
















