ആഗോള അയ്യപ്പ സംഗമത്തോടനുബന്ധിച്ച് ശബരിമലയില്‍ 19, 20 തീയതികളില്‍ ഭക്തർക്ക് വെർച്വല്‍ ക്യൂ ബുക്കിംഗിന് നിയന്ത്രണം. ഈ ദിവസങ്ങളില്‍ വെർച്വല്‍ ക്യൂ വഴി 10000 പേർക്കേ ബുക്കിങ് ചെയ്യാനാകൂ എന്ന് ദേവസ്വം അറിയിച്ചു. പമ്പയിലെ സ്പോട്ട് ബുക്കിങില്‍ ഇതുവരെ നിയന്ത്രണമില്ല.20ന് നടക്കുന്ന അയ്യപ്പസംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വി വി ഐ പി, വി ഐ പി വാഹനങ്ങള്‍ക്ക് നാലിടത്തായി പ്രത്യേക പാർക്കിംഗ് ഒരുക്കിയിട്ടുണ്ട്. ചാലക്കയം -ത്രിവേണി ദേവസ്വം റോഡിലെ കുഴികള്‍ അടച്ചു തുടങ്ങി.
അതേസമയം ആഗോള അയ്യപ്പസംഗമത്തില്‍ പ്രതിനിധികളായി പങ്കെടുക്കാൻ ഇതുവരെ ബുക്ക് ചെയ്‌തത് 4500 പേർ. നിലവിലെ കണക്കുകള്‍ പ്രകാരം എണ്ണം ഇനിയും കൂടാനുള്ള സാധ്യതയുണ്ട്. വിദേശത്ത് നിന്നും ഇന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത പ്രതിനിധികള്‍ക്കാണ് സംഗമത്തില്‍ പങ്കെടുക്കാനാവുക. 4500 പേരില്‍ ശബരിമല പോർട്ടലില്‍ ആദ്യം രജിസ്ട്രർ ചെയ്‌തവർക്കായിരിക്കും മുൻഗണന.
സംഗമത്തിൻ്റെ ഭാഗമായി പമ്പയില്‍ കുറ്റൻ പന്തല്‍ നിർമാണം പുരോഗമിക്കുകയാണ്. 3000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യത്തിനായി ജര്‍മന്‍ സാങ്കേതിക വിദ്യയിലുള്ള പന്തലാണ് നിര്‍മിക്കുന്നത്. പമ്പയിൽ സ്ഥിരമായ നിർമാണ പ്രവർത്തനങ്ങൾ നടത്തരുത് എന്ന കോടതിയുടെ നിർദേശം കൂടി കണക്കിലെടുത്താണ് പന്തൽ നിർമാണം.
















