ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഉന്നതരടങ്ങുന്ന എട്ടുപേർ അറസ്റ്റിൽ. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട ഒൻപത് പേരുൾപ്പടെ 14 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കണ്ണൂർ, കോഴിക്കോട് സ്വദേശികളാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു.
എഇഒ, ആർപിഎഫ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാവ് ഉൾപ്പടെ പ്രതിപ്പട്ടികയിലുണ്ടെന്നാണ് സൂചന. ചന്തേര, ചിറ്റാരിക്കൽ, നീലേശ്വരം, ചീമേനി സ്റ്റേഷനുകളിലെ സിഐമാരുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ചാണ് നിലവിൽ അന്വേഷണം നടത്തുന്നത്. 16 വയസുകാരനുമായി ഡേറ്റിംഗ് ആപ്പ് വഴി ബന്ധം സ്ഥാപിച്ച് പ്രതികൾ രണ്ടുവർഷമായി കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു.
പ്രതിയെന്ന് സംശയിക്കപ്പടുന്ന തൃക്കരിപ്പൂരിലെ രാഷ്ട്രീയ നേതാവ് പൊലീസെത്തുന്ന വിവരമറിഞ്ഞ് രക്ഷപ്പെട്ടു എന്നാണ് വിവരം. ഇയാളെ പിടികൂടാനുള്ള ഊർജിത ശ്രമത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസം 16കാരൻ്റെ വീട്ടിലെത്തിയ ഒരാളെ അമ്മ കാണാനിടയായതാണ് സംഭവം പുറത്തറിയാൻ കാരണമായത്. അമ്മയെ കണ്ടയുടനെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
ചന്തേര പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് 16 കാരനെ ചൈൽഡ് ലൈനിൽ ഹാജരാക്കി ചോദ്യം ചെയ്‌തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്. ചൈൽഡ് ലൈനിൽ നിന്നും ലഭിച്ച റിപ്പോർട്ടിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരമായിരുന്നു അന്വേഷണം. പ്രതികളെ പിടികൂടുന്നതിന് ഒരോ എസ്എച്ച്ഒ മാരുടെ നേതൃത്വത്തിലുള്ള സംഘത്തിനും ചുമതല നൽകി. വിവരം പുറത്തറിയാതിരിക്കാൻ അതീവ രഹസ്യമായിട്ടാണ് പൊലീസ് നടപടി.
















