ഹരിയാനയിലെ പൽവാലിൽ മദ്യപിച്ചെത്തിയ പൊലീസുകാരന്റെ വാഹനമിടിച്ച് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച ഉച്ചയ്ക്ക് സ്കൂളിൽ നിന്ന് കാൽനടയായി മടങ്ങുകയായിരുന്ന ഒമ്പതും പതിമൂന്നും വയസ്സുള്ള രണ്ട് സഹോദരന്മാരാണ് മരിച്ചത്.
ഏഴ് വയസ്സുള്ള അവരുടെ സഹോദരന്റെ നില ഗുരുതരമാണ്. ഉത്തവാറിലെ സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികളായ മുഹമ്മദ് അയാൻ (13), സഹോദരൻ മുഹമ്മദ് അഹ്‌സാൻ (9) എന്നിവരാണ് അപകടത്തിൽ മരിച്ചത്. മുഹമ്മദ് അർജാൻ (7) എന്ന ഇളയ സഹോദരന്റെ നിലയാണ് അതീവ ഗുരുതരമായി തുടരുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 നും 2 നും ഇടയിൽ കുട്ടികൾ മുത്തച്ഛൻ ആസ് മുഹമ്മദിനൊപ്പം സ്കൂളിൽ നിന്ന് കാൽനടയായി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം നടന്നത്. മൂവരെയും ആദ്യം നുഹിലെ നൽഹാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ വെച്ച് അയാനും അഹ്സാനും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. അർജാന്റെ നില ഗുരുതരമായതിനാൽ, റോഹ്തക്കിലെ പിജിഐഎംഎസിലേക്ക് റഫർ ചെയ്യുകയായിരുന്നു.
അപകടസ്ഥലത്ത് നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയുള്ള പഹാദ് ഗ്രാമത്തിലെ വീട്ടിലേക്ക് പോകുകയായിരുന്ന നൂഹ് ഡിഎസ്പി ഓഫീസിൽ റീഡറായിരുന്ന കോൺസ്റ്റബിൾ നരേന്ദർ സിംഗ് ആണ് ഡ്രൈവറെന്ന് തിരിച്ചറിഞ്ഞു. ഗ്രാമവാസികൾ പിന്തുടർന്ന് സിങ്ങിനെ സംഭവസ്ഥലത്ത് വെച്ച് പിടികൂടി.
















