ഗാസ നഗരത്തിൽ കനത്ത ബോംബ് ആക്രമണം തുടർന്ന് ഇസ്രയേൽ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് ഇസ്രയേൽ ആക്രമണം കടുപ്പിച്ചത്. പലസ്‌തീൻ വിഷയത്തിൽ അചഞ്ചലമായ പിന്തുണ ഇസ്രയേലിന് പ്രതീക്ഷിക്കാമെന്ന് റൂബിയോ അറിയിച്ചിരുന്നു. കൂടിക്കാഴ്‌ചയ്ക്ക് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം നടന്നത്.
നഗരത്തിൽ കനത്ത ബോംബാക്രമണമാണ് ഉണ്ടായതെന്നും നിരവധി വീടുകൾ തകർന്നെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. തകർന്ന കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു. ഗാസ നഗരത്തിലുടനീളം ബോംബാക്രമണം ശക്തമായി തുടരുകയാണെന്നും മരണ നിരക്ക് വർധിക്കുകയാണെന്നും ഗാസ സിവിൽ ഡിഫൻസ് ഏജൻസി വക്താവ് മഹ്‌മൂദ് ബസാൽ പറഞ്ഞു.
ഇസ്രയേൽ സൈന്യം ഖാൻ യൂനിസിനെയും ആക്രമിക്കാൻ ലക്ഷ്യമിട്ടതായി ബസാൽ പറഞ്ഞു. തിങ്കളാഴ്‌ച ഉണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 49 പേർ കൊല്ലപ്പെട്ടതായി സിവിൽ ഡിഫൻസ് ഏജൻസി റിപ്പോർട്ട് ചെയ്‌തിരുന്നു. ഖത്തറിൻ്റെ മധ്യസ്ഥതയിൽ നടന്ന വെടിനിർത്തൽ ചർച്ചകളെ റൂബിയോ നിസാരമായി കണ്ടതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. 2023 ഒക്ടോബർ 7 ന് ഇസ്രയേലിനെതിരെ ആക്രമണം നടത്തിയ ഹമാസിനെ ക്രൂര മൃഗങ്ങൾ എന്ന് റൂബിയോ വിളിച്ചിരുന്നു.
















