മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയ്ത ചിത്രമാണ് ‘സാമ്രാജ്യം’. 1990 ൽ റിലീസ് ചെയ്ത ചിത്രത്തിന്റെ 4K റീ റിലീസ് തീയതിയിൽ മാറ്റം വരുത്തി. സെപ്റ്റംബർ 19 നു റിലീസ് തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ റീമാസ്റ്ററിംഗ് ജോലികൾ തീരാൻ സമയം എടുക്കുന്നത് കൊണ്ടാണ് റിലീസ് മാറിയത് എന്നാണ് റിപ്പോർട്ട്.
ചിത്രം ഒക്ടോബറിൽ പ്രദർശനത്തിന് എത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഈ കഴിഞ്ഞ സെപ്റ്റംബർ ഏഴിന് മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിൻ്റെ റീമാസ്റ്റർ പതിപ്പിൻ്റെ ടീസർ പുറത്ത് വിട്ടത്. 4K ഡോൾബി അറ്റ്മോസിൽ ആണ് ചിത്രം റീ മാസ്റ്റർ ചെയ്യുന്നത്.
ആരിഫ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജ്മൽ ഹസൻ നിർമ്മിച്ച ഈ ചിത്രം രചിച്ചത് ഷിബു ചക്രവർത്തിയാണ്. ആരിഫ റിലീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു 1990-ൽ പുറത്തിറങ്ങിയ ‘സാമ്രാജ്യം’.
അന്നത്തെ കാലത്ത് 75 ലക്ഷം മുതൽ 1 കോടി രൂപ വരെ മുതൽമുടക്കിൽ നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം അതിന്റെ നിർമ്മാണ മികവ് കൊണ്ട് വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ബെൻസ് കാറുകൾ ഉൾപ്പെടെയുള്ള ആഡംബര വാഹനങ്ങൾ യഥേഷ്ടം ഉപയോഗിച്ച് ഒരുക്കിയ ഈ ചിത്രം പ്രേക്ഷകർക്ക് ഒരു പുതിയ കാഴ്ചാനുഭവമാണ് നൽകിയത്.
















