ആരോഗ്യ കേരളം ഇന്ന് രോഗങ്ങളുടെ പിടിയിലാണ്. ഒന്നിന് പിറകെ ഒന്നായി പകർച്ചവ്യാധികൾ കേരളത്തെ കവരുന്നത് ഏറെ ആശങ്കയുണ്ടാക്കുന്നു. അപൂർവവും (മിക്ക കേസുകളിലും) മാരകവുമായ ‘നെയ്ഗ്ലേറിയ ഫൗലറി’ എന്ന അമീബ മൂലം തലച്ചോറിനെ ബാധിക്കുന്ന അമീബിക് മസ്തിഷ്കജ്വരം രോഗമാണ് ഇപ്പോൾ നമ്മുടെ സംസ്ഥാനത്തെ ഭീതിയിലാഴ്ത്തുന്നത്. 67 സ്ഥിരീകരിച്ച കേസുകളും 18 മരണങ്ങളുമാണ് ഇത് വരെ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ളത്.
‘തലച്ചോറ് തിന്നുന്ന അമീബ’ എന്ന് വിളിപ്പേരുള്ള ഈ രോഗം, മലിനമായ വെള്ളം മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നതിലൂടെയാണ് പകരുന്നത്. കെട്ടിക്കിടക്കുന്ന ശുദ്ധജല സ്രോതസ്സുകളിൽ നീന്തുകയോ കുളിക്കുകയോ ചെയ്യുന്ന കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. എന്നാൽ, അന്വേഷണം ഇപ്പോഴും പുരോഗമിക്കുന്നതിനാൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഈ വാദം തള്ളിക്കളഞ്ഞു.ഈ അമീബിക് രോഗവ്യാപനം മാത്രമല്ല. കേരളം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നേരിട്ടത് നിരവധി രോഗങ്ങളോടാണ്.
നിപ വൈറസ് (എട്ട് വർഷത്തിനിടെ അഞ്ച് തവണ), സിക,വെസ്റ്റ് നൈൽ ഫീവർ,ഷിഗെല്ല, സ്ക്രബ് ടൈഫസ്, ഇവയൊന്നും കൂടാതെ, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങളുടെ ആവർത്തിച്ചുള്ള വ്യാപനവും.
എന്തുകൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും ഉയർന്ന ആരോഗ്യ സാക്ഷരതയുള്ള ഈ സംസ്ഥാനം ഉയർന്നുവരുന്നതും വീണ്ടും പ്രത്യക്ഷപ്പെടുന്നതുമായ രോഗങ്ങളുടെ പ്രഭവകേന്ദ്രമായി മാറുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
കേരളം എന്നും മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായിരുന്നു. അത് വെറുതെ ലഭിച്ചതല്ല. രാജ്യത്ത് ആളോഹരി ആരോഗ്യ ചെലവ് ഏറ്റവും കൂടുതലുള്ള സംസ്ഥാനം, ശക്തമായ പ്രാഥമിക ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ, സമൂഹത്തെ അടിസ്ഥാനമാക്കിയുള്ള ആരോഗ്യ വിതരണത്തിന്റെ നീണ്ട പാരമ്പര്യം, കൂടാതെ രാജ്യത്തെ ഏറ്റവും ഉയർന്ന ആയുർദൈർഘ്യവും കേരളത്തിനുണ്ട്.
എന്നാൽ കേരളത്തിന്റെ ആരോഗ്യ മികവ് വർദ്ധിപ്പിച്ച അതേ സംവിധാനം തന്നെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പകർച്ചവ്യാധികളുമായി ഇടപെടുന്നതിൽ അപര്യാപ്തമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.കേരളത്തിൽ അപൂർവ രോഗങ്ങളുടെയും ഉഷ്ണമേഖലാ രോഗങ്ങളുടെയും കൂട്ടമായ ആക്രമണമാണ് ഉണ്ടാകുന്നത്. ഇതിന് പലഘടകങ്ങളും കാരണമാണ്. പാരിസ്ഥിതികപരമായ ദുർബലത, വർദ്ധിച്ച നിരീക്ഷണം, മാറിക്കൊണ്ടിരിക്കുന്ന മനുഷ്യ സ്വഭാവം എന്നിവയുടെയെല്ലാം ഇതിൽപെടും. എന്നാൽ നമ്മുടെ പ്രതിരോധ സംവിധാനങ്ങൾ ഇനിയും വളരാനുണ്ട്.
. കേരളത്തിന്റെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ രോഗങ്ങളെ (രോഗവ്യാപനമടക്കം) തിരിച്ചറിയുന്നതിൽ മികച്ചതായിരിക്കാം, എന്നാൽ അതിന്റെ വ്യാപനം മുൻകൂട്ടി കാണുന്നതിനോ നിയന്ത്രിക്കുന്നതിനോ അത് പര്യാപ്തമല്ല. ഇന്ത്യയിലെ ആദ്യത്തെ കോവിഡ്-19 കേസ് 2020 ജനുവരിയിൽ തൃശൂരിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്. പിന്നീട് 2023-25 കാലഘട്ടത്തിൽ വൈറസിന്റെ പ്രധാന വകഭേദങ്ങളെല്ലാം സംസ്ഥാനം കണ്ടെത്തുകയും രാജ്യത്തെ ഏറ്റവും ഉയർന്ന രോഗബാധിതരുടെ എണ്ണം റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
2022 ജൂലൈയിൽ മങ്കിപോക്സ്, അടുത്ത കാലത്ത് സിക, ആന്ത്രാക്സ് എന്നിവയും സ്ഥിരീകരിച്ചത് കേരളമാണ്. ഇതിനൊപ്പം നിപ, ഡെങ്കിപ്പനി, ജപ്പാൻ ജ്വരം, പന്നിപ്പനി എന്നിവയുടെയെല്ലാം ആവർത്തിച്ചുള്ള രോഗബാധയും ഉണ്ടായി.
കേരളത്തിന്റെ ഭൂപ്രകൃതി (നദികൾ, കായലുകൾ, തണ്ണീർത്തടങ്ങൾ) രോഗാണുക്കൾക്ക് വളരാൻ അനുയോജ്യമായ ഇടമാണ്. വർദ്ധിച്ചുവരുന്ന നഗരവൽക്കരണവും സ്വാഭാവിക ആവാസവ്യവസ്ഥകളിലേക്കുള്ള കടന്നുകയറ്റവും പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകർത്തു, മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങൾ മുൻനിരയിലേക്ക് വരാൻ ഇത് കാരണമാകുന്നു.
ഉദാഹരണത്തിന്, വവ്വാലുകളുമായി മനുഷ്യർക്ക് ഉണ്ടായ സമ്പർക്കവുമായി നിപ വൈറസ് രോഗവ്യാപനത്തിന് നേരിട്ട് ബന്ധമുണ്ട്. ഇത് മോശം ശുചിത്വത്തിന്റെ മാത്രം പ്രശ്നമല്ല, നഗരവൽക്കരണത്തിന്റെയും പാരിസ്ഥിതികമായ തകർച്ചയുടെയും പ്രശ്നമാണ്.
അടുത്തിടെയായി, കേരളത്തിലെ വർദ്ധിച്ചുവരുന്ന താപനില, ഉയർന്ന ഈർപ്പം, ക്രമരഹിതമായ മഴ എന്നിവ രോഗവാഹകരും ജലവാഹകരുമായ രോഗങ്ങൾക്ക് അനുകൂലമായ കാലാവസ്ഥയാണ് സൃഷ്ടിക്കുന്നത്. എന്നാൽ നമ്മുടെ ചികിത്സാ രീതികൾ ഇപ്പോഴും പഴയത് തന്നെ. ഇന്ന് ബാക്ടീരിയകൾ വേഗത്തിൽ രൂപാന്തരപ്പെടുന്നുണ്ട്. എന്നാൽ നമ്മുടെ രോഗശമന തന്ത്രങ്ങൾ ഇതിനനുസരിച്ച് വികസിച്ചിട്ടുമില്ല.
രോഗവ്യാപനത്തിന്റെ മറ്റൊരു പ്രധാന കാരണെം രോഗത്തിന്റെ സഞ്ചാരമാണ്. പ്രവാസികളായ മലയാളികളുടെ എണ്ണം വളരെ കൂടുതലാണ്. അതിനാൽ തന്നെ ഉയർന്ന തോതിലുള്ള യാത്രകളും ഇവിടെയുണ്ട്. ഈ സഞ്ചാരം കേരളത്തെ പല ആഗോള രോഗാണുക്കളുമായി സമ്പർക്കത്തിലാക്കുന്നു. ഉദാഹരണത്തിന്, 2021-ലെ സിക വൈറസ് രോഗവ്യാപനം വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരുമായി ബന്ധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.
കേരളത്തിലെ ജനങ്ങൾ ആരോഗ്യ സാക്ഷരരാണെങ്കിലും, പൊതുജനാരോഗ്യം സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമാണെന്ന് കരുതുന്ന ഒരു അപകടകരമായ പ്രവണതയും ഇവിടെയുണ്ട്. മഴയ്ക്ക് ശേഷം തദ്ദേശ സ്ഥാപനങ്ങൾ ശുചീകരണ ഡ്രൈവുകൾ നടത്തുമെങ്കിലും, പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസർജ്ജനവും, മാലിന്യങ്ങൾ ശരിയായി സംസ്കരിക്കാത്തതും, കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും ഇപ്പോഴും തുടരുന്നു.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിന്റെ ശക്തമായ ആരോഗ്യ സംവിധാനം കാരണമാണ് ഈ രോഗങ്ങൾ നേരത്തെ കണ്ടെത്താൻ കഴിയുന്നതെന്നതിൽ തർക്കമില്ല.. ഇവിടെയുള്ള ആളുകൾ വേഗത്തിൽ ചികിത്സ തേടുന്നു, കൂടാതെ നമ്മുടെ ആശുപത്രികളുടെയും പരിശീലനം ലഭിച്ച ഡോക്ടർമാരുടെയും ശൃംഖല പുതിയ ഭീഷണികൾ ഒളിച്ചിരിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നു. ഇത് മിക്ക രോഗവ്യാപനങ്ങളും കേരളത്തിൽ നിന്നാണ് ആരംഭിക്കുന്നത് എന്നൊരു ധാരണ പൊതുവെ ഉണ്ടാക്കാറുണ്ടെങ്കിലും നമ്മൾ അവ കണ്ടെത്തുന്നത് വേഗത്തിലാണെന്നതാണ് യാഥാർത്ഥ്യം.
















