രാവിലത്തെ ഭക്ഷണം പ്രധാനമാണ്. ഒരു ദിവസത്തിന്റെ തുടക്കത്തിൽ തന്നെ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. പോഷകങ്ങൾ അടങ്ങിയ ഭക്ഷണം ഒരു ദിവസത്തെ മുഴുവൻ ഊർജ്ജം കൂടിയാണ്. എന്നാൽ ഇപ്പോഴിതാ വൈകിയുള്ള പ്രഭാത ഭക്ഷണം മരണത്തിന് കാരണമായേക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.
അതിരാവിലെ എഴുനേറ്റ് ഭക്ഷണം കഴിക്കുന്ന പോലെ തന്നെ പ്രധാനമാണ് അത് സമയത്തിന് കഴിക്കുക എന്നതും. പ്രഭാത ഭക്ഷണം വൈകി കഴിക്കുന്നത് മരണത്തിന് പോലും കാരണമാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ മാസ് ജനറൽ ബ്രിഗാമിലെയും (ഹാർവാർഡ്-അഫിലിയേറ്റഡ്) മാഞ്ചസ്റ്റർ സർവകലാശാലയിലെയും ഗവേഷകർ. യുകെയിലെ 42 നും 94 നും ഇടയിൽ പ്രായമുള്ള 2,945 ആളുകളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ പ്രഭാതഭക്ഷണത്തിന്റെയും അത്താഴത്തിന്റെയും സമയത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മരണനിരക്ക് കൂട്ടുന്നതായി കണ്ടെത്തി.
മാഞ്ചസ്റ്റർ സർവകലാശാലയുമായി സഹകരിച്ച് മസാച്യുസെറ്റ്സ് ജനറൽ ആശുപത്രിയിലെ ഡോ. ഹസ്സൻ ദഷ്ടിയുടെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിൽ പ്രായം കൂടുംതോറും ആളുകളുടെ ഭക്ഷണസമയത്തിലും മാറ്റം വരുന്നതായി കണ്ടെത്തി. ഇതിൽ പ്രഭാത ഭക്ഷണം വൈകുന്നത് കൂടുതൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പഠനം വ്യക്തമാകുന്നു. ഉറക്കമില്ലായ്മ ,വിഷാദം , ക്ഷീണം , വൈകി എഴുന്നേൽക്കാനുള്ള പ്രവണത എന്നിവയ്‌ക്കെല്ലാം ഇത് കാരണമാകുന്നു. പ്രഭാത ഭക്ഷണം വൈകുന്ന ഓരോ മണിക്കൂറും മരണ സാധ്യത കൂട്ടുന്നതായും പഠനം പറയുന്നു.
ഉറക്കം ഉണർന്ന് ഒന്ന് മുതൽ രണ്ട് മണിക്കൂറിനുള്ളിൽ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. ശരീരത്തിന് ഉറക്കം പോലെ തന്നെ ആവശ്യമാണ് ഭക്ഷണവും. ഭക്ഷണം കഴിക്കുന്നതിന് കൃത്യമായ ഷെഡ്യുൾ ഉണ്ടാക്കിയെടുക്കേണ്ടതാണ്. ഇത് ദഹനത്തെയും ,ശാരീരിക പ്രവർത്തികളെയും മെച്ചപ്പെടുത്താം സഹായിക്കും.
ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ശരീരത്തിലെ പഞ്ചസാരയുടെയും ,രക്തസമ്മർദ്ദത്തിന്റെയും അളവ് വളരെ കുറവ് ആയിരിക്കും. അതുകൊണ്ടുതന്നെ ഇതു സാധാരണ നിലയിലാക്കാൻ ഭക്ഷണത്തിലൂടെ മാത്രമേ സാധിക്കൂ. ദീർഘ നേരം ശരീരം വിശ്രമത്തിലായ ശേഷം ആയിരിക്കും നമ്മൾ എഴുനേറ്റ് ഭക്ഷണം കഴിക്കുന്നത്. അത് കൊണ്ട് തന്നെ രാവിലെ ഭക്ഷണം കഴിക്കുമ്പോൾ പഴം, പച്ചക്കറികൾ, നട്സ് എന്നിവ ഉൾപ്പെടുത്താവുന്നതാണ്. മധുരമടങ്ങിയ ഭക്ഷണങ്ങൾ രാവിലെ കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
content highlight: Breakfast
















