യുഎഇയിൽ കൊടും ചൂടിൽ പുറംജോലി ചെയ്യുന്ന തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ മൂന്ന് മാസത്തെ ഉച്ചവിശ്രമം അവസാനിച്ചു. ഇന്ന് മുതൽ ജോലി സമയം രാവിലെ 8 മുതൽ വൈകുന്നേരം 5 വരെയായി പുനഃസ്ഥാപിച്ചു. സൂര്യപ്രകാശം നേരിട്ട് ഏൽക്കും വിധം തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കായിരുന്നു ഈ നിയമം ബാധകം.
മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നൽകിയ വിവരമനുസരിച്ച്, 99 ശതമാനം കമ്പനികളും ഈ നിയമം കൃത്യമായി പാലിച്ചിട്ടുണ്ട്. യുഎഇയിൽ തൊഴിലാളികൾക്ക് നിർബന്ധിത ഉച്ചവിശ്രമം ഏർപ്പെടുത്തിയിരുന്ന മൂന്ന് മാസക്കാലയളവിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താനായി നിരവധി നടപടികൾ സ്വീകരിച്ചിരുന്നു.
ഇടവേളകളിൽ തൊഴിലാളികൾക്ക് വിശ്രമിക്കാൻ ശീതീകരിച്ച പ്രത്യേക സൗകര്യം ഒരുക്കണമെന്ന് കമ്പനികൾക്ക് നിർദ്ദേശം നൽകിയിരുന്നു. കൂടാതെ, ഉപ്പും നാരങ്ങയും ചേർത്ത കുടിവെള്ളം, ലഘുഭക്ഷണം, സൗജന്യ വൈദ്യപരിശോധന എന്നിവയും ലഭ്യമാക്കിയിരുന്നു.
അതേസമയം ഈ നിയമങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി മന്ത്രാലയ ഉദ്യോഗസ്ഥർ മിന്നൽ പരിശോധനയും നടത്തിയിരുന്നു. തുടർച്ചയായി 21-ാമത്തെ വർഷമാണ് യുഎഇ ഈ നിയമം നടപ്പാക്കിയത്. ഇത് തൊഴിലാളികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും യുഎഇ. നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നു.
















