മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ടീസർ അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്. സെപ്റ്റംബർ 18 നാണ് ചിത്രത്തിൻ്റെ ടീസർ റിലീസ് ചെയ്യുന്നത്. ടീസർ അനൗൺസ്മെൻ്റ് പോസ്റ്ററിൽ ഗംഭീര ലുക്കിലാണ് മോഹൻലാലിനെ അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും ചേർന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമ്മിച്ച വൃഷഭ, ഇന്ത്യൻ സിനിമയിലെ ഇതിഹാസ തുല്യമായ കഥപറച്ചിലിനെ പുനർനിർവചിക്കാൻ പാകത്തിനാണ് ഒരുക്കുന്നത്. ആശീർവാദ് സിനിമാസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.
വമ്പൻ കാൻവാസ്, താരനിര എന്നിവ കൊണ്ട് വലിയ ശ്രദ്ധ നേടുന്ന ഈ ചിത്രം, ആക്ഷൻ, വൈകാരികത, ഭാരതീയ പുരാണ കഥ എന്നിവയുടെ സവിശേഷമായ സംയോജനത്തോടെ പ്രേക്ഷകരെ നാടകീയമായ സംഭവവികാസങ്ങളുടേയും വിസ്മയകരമായ ദൃശ്യങ്ങളുടെയും ലോകത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. മോഹൻലാലിനൊപ്പം ഒട്ടേറെ മികച്ച അഭിനേതാക്കളും അണിനിരക്കുന്ന ചിത്രം, മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ടും ഗംഭീര ഛായാഗ്രഹണം കൊണ്ടും സാങ്കേതികമായി പ്രേക്ഷകർക്ക് അതിശയകരമായ കാഴ്ച വാഗ്ദാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. മോഹൻലാലിൻറെ ജന്മദിനത്തിൽ പുറത്ത് വിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വലിയ ശ്രദ്ധ നേടിയിരുന്നു. യോദ്ധാവിന്റെ രൂപത്തിൽ രാജകീയമായ ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മോഹൻലാലിനെ അവതരിപ്പിച്ചത്.
അതിനൂതനമായ വിഷ്വൽ ഇഫക്റ്റുകൾ, എഡിറ്റിംഗ്, സൌണ്ട് ഡിസൈൻ എന്നിവയുമായി ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ് ചിത്രം. അടുത്തിടെയാണ് മോഹൻലാൽ ഈ ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കിയത്. സിനിമാനുഭവത്തിന്റെ മികവിന്റെ അതിരുകൾ മറികടക്കുന്ന ചിത്രമാക്കി വൃഷഭയെ മാറ്റാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. 2025 ദീപാവലി റിലീസായി ഷെഡ്യൂൾ ചെയ്തിരിക്കുന്ന ‘വൃഷഭ’, തെലുങ്ക്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ റിലീസിനെത്തും. ഇന്ത്യയിലുടനീളവും വിദേശ വിപണികളിലും ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഛായാഗ്രഹണം – ആന്റണി സാംസൺ, എഡിറ്റിംഗ്- കെ എം പ്രകാശ്, സംഗീതം- സാം സി എസ്, സൗണ്ട് ഡിസൈൻ- റസൂൽ പൂക്കുട്ടി, പിആർഒ- ശബരി.
STORY HIGHLIGHT: ‘Vrishabha’ announcement poster out
















