ഇഷ്ടനമ്പര്‍ സ്വന്തമാക്കാൻ ലക്ഷങ്ങള്‍ പൊടിച്ചിരിക്കുകയാണ് സിനിമാ നിർമാതാവ് ആന്റണി പെരുമ്പാവൂര്‍. താരം നേടിയെടുത്തത് വെറും ഒരു നമ്പർ അല്ല. ‘രാജാവിന്റെ മകൻ’ എന്ന സിനിമയിലെ മോഹൻലാൽ പറഞ്ഞ ഡയലോഗ് ‘മൈ ഫോണ്‍ നമ്പര്‍ ഈസ് 2255’ എന്നത് മലയാളികൾക്ക് മറക്കാനാകില്ല. ഇപ്പോഴിതാ ആ നമ്പർ ആണ് ആന്റണി പെരുമ്പാവൂര്‍ സ്വന്തമാക്കിയത്.
KL 07 DH 2255 എന്ന നമ്പറിനായി എറണാകുളം ആർടി ഓഫീസിൽ വാശിയേറിയ ലേലമാണ് നടന്നത് വാഹനങ്ങൾക്ക് ഇഷ്ട നമ്പർ സ്വന്തമാക്കാനായി കടുത്ത മത്സരങ്ങളാണല്ലോ നടക്കാറുള്ളത്. ഇത്തവണ മത്സരത്തിനൊടുവിൽ നമ്പർ സ്വന്തമാക്കിയത് ആന്റണി പെരുമ്പാവൂരാണ്. ഈ നമ്പറിനായി നാലു പേരാണ് ലേലത്തിൽ പങ്കെടുത്തത്, എന്നാൽ 3,20,000 രൂപയ്ക്ക് ആന്റണി പെരുമ്പാവൂർ നമ്പർ സ്വന്തമാക്കുകയായിരുന്നു. അടുത്തിടെ സ്വന്തമാക്കിയ കാരവാനിന്റെ നമ്പറും 2255 ആയിരുന്നു.
അടുത്തിടെയാണ് വോൾവോ XC 60 എസ്‌യുവിയുടെ പുതുക്കിയ പതിപ്പ് ആന്റണി പെരുമ്പാവൂർ ഗാരിജിലേക്കെത്തിച്ചത്. ഈ വാഹനത്തിന് വേണ്ടി ആയിരിക്കാം പുതിയ നമ്പറെന്നാണ് വിലയിരുത്തൽ. മുഖം മിനുക്കി എത്തിയിരിക്കുന്ന ഈ മോഡലിന് 71.90 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.
















