ടെലിവിഷൻ ഷോകളിലൂടെ പ്രശസ്തനായ പാകിസ്ഥാൻ ബാലതാരം ഉമർ ഷാ അന്തരിച്ചു. 15 വയസ്സായിരുന്നു. ഉമർ ഷായുടെ സഹോദരനും ടിക് ടോക്ക് താരവുമായ അഹമ്മദ് ഷാ ആണ് മരണവിവരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.
ജന്മസ്ഥലമായ ദേര ഇസ്മായിൽ ഖാനിൽ വച്ച് തിങ്കളാഴ്ചയാണ് ഉമർ ഷാ മരിച്ചത്. പാക് വിനോദ മേഖലയെ ഞെട്ടിച്ചുകൊണ്ടാണ് സോഷ്യൽ മീഡിയാ താരം കൂടിയായ ഉമറിന്റെ മരണവാർത്ത പുറത്തുവന്നത്. മരണത്തിന് തൊട്ടുമുമ്പ് ഛർദിച്ചിരുന്നുവെന്നും അതിൽ നിന്നുള്ള ഫ്ലൂയിഡ് ശ്വാസകോശത്തിൽ പ്രവേശിച്ചിരുന്നുവെന്നും തുടർന്നുണ്ടായ സങ്കീർണതകളാകാം ഹൃദയസ്തഭനത്തിലേക്ക് നയിച്ചതെന്നുമാണ് മെഡിക്കൽ റിപ്പോർട്ട്.
ഉമറിന്റെ കുടുംബത്തിനുവേണ്ടി പ്രാർഥിക്കണമെന്നാവശ്യപ്പെട്ട് മൂത്ത സഹോദരൻ അഹമ്മദ് ഷാ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തിലെ കുഞ്ഞുതാരകം ഉമർ ഷാ ദൈവത്തിന്റെ അടുക്കലേക്ക് തിരിച്ചുപോയെന്നും എല്ലാവരുടെയും പ്രാർഥനയിൽ ഉമറും അവന്റെ കുടുംബവും ഉണ്ടാകണമെന്നുമാണ് അഹമ്മദ് പോസ്റ്റ് ചെയ്തത്.കുടുംബത്തിലെ രണ്ടാമത്തെ ദുരന്തമാണിത്. 2023-ൽ ഉമറിന്റെ ഇളയ സഹോദരി അയിഷയും മരണപ്പെട്ടിരുന്നു. സഹോദരനൊപ്പമാണ് ഉമർ പാക് ടിവി വേദികളിലെ സ്ഥിരം സാന്നിധ്യമായത്. ഹാസ്യവേദികളായിരുന്നു പ്രധാനം. മഹിറ ഖാൻ, ഹിനാ അൽതാഫ്, അദ്നാൻ സിദ്ധിഖി തുടങ്ങിയ താരങ്ങളും മുൻ ക്രിക്കറ്റ്താരം സർഫറാസ് അഹമ്മദും ഉൾപ്പെടെയുള്ള നിരവധിപേർ ഉമറിന് ആദരാഞ്ജലി അർപ്പിച്ചുള്ള പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്.
















