ഹോളിവുഡ് ഇതിഹാസം റോബർട്ട് റെഡ്ഫോർഡ് അന്തരിച്ചു. 89 വയസ്സായിരുന്നു. പ്രശസ്ത നടനും സംവിധായകനുമാണ് അന്തരിച്ച റോബർട്ട് റെഡ്ഫോർഡ്. പബ്ലിസിസ്റ്റ് സിണ്ടി ബർഗറാണ് മരണ വാർത്ത അറിയിച്ചത്. 1960-ൽ ടെലിവിഷൻ രംഗത്തേക്ക് കടന്ന അദ്ദേഹം, ‘വാർ ഹണ്ട്’എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.
ലോസ് ആഞ്ജിലീസിൽ ജനിച്ച റോബർട്ട് റെഡ്ഫോർഡ് 1950-കളുടെ അവസാനത്തിലാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്. ‘ദി സ്റ്റിംഗ്’ (The Sting), ‘ബച്ച് കാസിഡി ആൻഡ് ദി സൺഡാൻസ് കിഡ്’ (Butch Cassidy And The Sundance Kid) തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. 1973-ൽ ‘ദി സ്റ്റിംഗ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കർ നോമിനേഷൻ ലഭിച്ചിരുന്നു. സ്വതന്ത്ര സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി യു.എസിലെ യൂട്ടായിൽ സൺഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചതും ഇദ്ദേഹമാണ്.
1980-ൽ പുറത്തിറങ്ങിയ ‘ഓർഡിനറി പീപ്പിൾ’ (Ordinary People) എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധാന രംഗത്തേക്ക് കടക്കുന്നത്. മികച്ച ചിത്രം, മികച്ച സംവിധായകൻ എന്നിവയുൾപ്പെടെ നാല് അക്കാദമി അവാർഡുകളും ഈ ചിത്രം നേടി. 2002-ൽ ഓണററി ലൈഫ് ടൈം അച്ചീവ്മെന്റ് ഓസ്കാറും റെഡ്ഫോർഡിനെ തേടിയെത്തി. 2018-ൽ പുറത്തിറങ്ങിയ ‘ദി ഓൾഡ് മാൻ ആൻഡ് ദി ഗൺ’ (The Old Man and The Gun) എന്ന ചിത്രം തന്റെ അവസാനത്തെ ഓൺസ്ക്രീൻ വേഷമായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
















