നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വൻ കുതിപ്പുമായി ഷാർജ. ഈ വർഷം ആദ്യത്തെ ആറ് മാസത്തിനിടെ 150 കോടി ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഷാർജയിൽ എത്തിയത്. ഇത് കൂടാതെ, 74 പുതിയ പദ്ധതികൾക്കും തുടക്കമിട്ടു. ഈ നിക്ഷേപങ്ങളിലൂടെ 2578 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു എന്നാണ് റിപ്പോർട്ട്.
ഈ നേട്ടത്തോടെ, യു.എ.ഇയിൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിൽ അതിവേഗം വളരുന്ന എമിറേറ്റായി ഷാർജ മാറി. സാമ്പത്തിക വളർച്ച, നയങ്ങളിലെ സുതാര്യത, നിക്ഷേപകർക്ക് അനുകൂലമായ അന്തരീക്ഷം എന്നിവയാണ് ഈ കുതിപ്പിന് കാരണം.
ഷാർജയിലെ വിദേശ നിക്ഷേപത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വലിയ വർധനവ് രേഖപ്പെടുത്തി. 2024-ൽ 32.5 കോടി ഡോളറായിരുന്ന വിദേശ നിക്ഷേപം ഈ വർഷം ആദ്യ ആറ് മാസത്തിനുള്ളിൽ 361% വർധിച്ച് 150 കോടി ഡോളറിലെത്തി.
വിദേശ നിക്ഷേപത്തിലെ ഈ കുതിച്ചുചാട്ടം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും വലിയ മുന്നേറ്റമുണ്ടാക്കി. കഴിഞ്ഞ വർഷം 1779 പേർക്ക് ജോലി ലഭിച്ച സ്ഥാനത്ത് ഈ വർഷം അത് 2578 ആയി വർധിച്ചു. അതായത്, തൊഴിലവസരം സൃഷ്ടിക്കുന്നതിൽ 45% വർധനവാണ് ഉണ്ടായത്.
















