ഗാസ: പലസ്തീനിൽ രണ്ട് വർഷമായി തുടരുന്ന യുദ്ധം കടുപ്പിച്ച് ഇസ്രയേൽ. കരയാക്രമണം കൂടി ആരംഭിച്ചതോടെ ഗാസ മുനമ്പ് കത്തുകയാണ്. കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 75ആയി എന്നാണ് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ജനങ്ങൾ തിങ്ങിപാർക്കുന്ന ഗാസയിൽ രാത്രിയിലും ഇസ്രയേൽ കടുത്ത ആക്രമണങ്ങളാണ് നടത്തുന്നത്. ജീവൻ രക്ഷിക്കാൻ ജനങ്ങൾ വടക്കൻ ഗാസയിൽനിന്നും കൂട്ട പലായനം ചെയ്യുകയാണ്. അൽ മവാസിയിലേക്കുളള അൽറാഷിദ് എന്ന തീര ദേശ റോഡ് മാത്രമാണ് പലായനം ചെയ്യുന്നതിന് ഇസ്രായേൽ അനുവദിച്ചിരിക്കുന്നത്. ജനങ്ങളോട് ഗാസയിൽനിന്നും ഉടൻ ഒഴിയണമെന്ന് ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടിരുന്നു.
ഇസ്രയേൽ ആക്രമണത്തിൽ തകർന്നടിഞ്ഞ ഗാസയുടെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയവരെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുകയാണ് ഗാസയുടെ തെക്കൻ തീരം. ആവശ്യത്തിനു ഭക്ഷണമോ വെള്ളമോ പ്രാഥമികസൗകര്യങ്ങളോ ഇല്ലാതെ പതിനായിരങ്ങളാണ് ടെന്റുകളിൽ കഴിയുന്നത്. ഗാസ സിറ്റിയിൽ ഇസ്രയേൽ കരയുദ്ധം തുടങ്ങിയ സാഹചര്യത്തിൽ വീണ്ടും അഭയാർഥികൾ എത്തുന്നതോടെ വൻ ദുരന്തമാണ് ഗാസയെ കാത്തിരിക്കുന്നതെന്ന് സന്നദ്ധസംഘടനകൾ മുന്നറിയിപ്പു നൽകുന്നു. ഗാസയിൽ ഒരിടവും സുരക്ഷിതമല്ലെന്നും ഇപ്പോൾതന്നെ ദുരിതജീവിതം നയിക്കുന്നവർക്കിടയിലേക്കു പോകാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി ലക്ഷങ്ങൾ ഗാസ സിറ്റിയിൽ തുടരുകയാണ്.
















