പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75-ാം ജന്മദിനം. ജന്മദിനത്തോടനുബന്ധിച്ച് ബിജെപി വിപുലമായ ആഘോഷ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. എഴുപത്തിയഞ്ചാം ജന്മദിനത്തിൽ ആശംസ നേരാൻ നരേന്ദ്ര മോദിയെ ഡോണൾഡ് ട്രംപ് ടെലിഫോണിൽ വിളിച്ചിരുന്നു.
രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കുശേഷം ജനിച്ച പ്രഥമപ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ജവഹര്‍ലാല്‍ നെഹ്രുവിനുശേഷം മൂന്നാംവട്ടവും പ്രധാനമന്ത്രിയായ വ്യക്തി എന്ന നേട്ടം മോദിക്ക് മാത്രം സ്വന്തം. അമേരിക്കയുമായുള്ള വ്യാപാരചര്‍ച്ചകളില്‍ ഇന്ത്യയുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിച്ചതും ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന് തിരിച്ചടി നല്‍കിയതുമെല്ലാം ഈ ജന്മദിനത്തിന്റെ തിളക്കം കൂട്ടി.
ഇന്ന് പ്രധാനമന്ത്രി മധ്യപ്രദേശിലെ ധാർ സന്ദർശിക്കും. ‘സ്വസ്ത് നാരി, സശക്ത് പരിവാർ’ കാമ്പെയ്‌നിന്റെ ഉദ്ഘാടനം, സിക്കിൾ സെൽ കാർഡുകളുടെ വിതരണം, സ്വദേശി ഉൽപ്പന്നങ്ങളുടെ പ്രചാരണം എന്നിവയുൾപ്പെടെ നിരവധി പ്രഖ്യാപനങ്ങൾ അദ്ദേഹം ഇന്ന് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
















