ഭവനനിര്‍മാണത്തിന് സഹായം തേടിയെത്തിയ കൊച്ചുവേലായുധന്റെ നിവേദനം നിരസിച്ചത് കൈപ്പിഴയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അതുയര്‍ത്തിക്കാട്ടി ചെറുക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലുങ്ക് സംവാദം തടയാനാകില്ലെന്നും പതിന്നാല് ജില്ലകളിലും പോകുമെന്നും മന്ത്രി പറഞ്ഞു ബുധനാഴ്ച രാവിലെ കൊടുങ്ങല്ലൂരില്‍ നടന്ന കലുങ്ക് സംവാദമെന്ന സൗഹൃദസദസ്സിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
പതിന്നാല് ജില്ലകളിലും ഞാന്‍ പോകും. ഇത് ഒരു ജനപ്രതിനിധിയെന്ന നിലയില്‍ ഞാന്‍ ചെയ്തിരിക്കും. ഇതെന്റെ അവകാശമാണ്. അവിടെയും ഇവിടെയും തെന്നിയും തെറിച്ചും കിടക്കുന്ന ചില കൈപ്പിഴകളൊക്കെ എടുത്ത് ചൂണ്ടിക്കാണിച്ച് ഈ തീപ്പന്തം അല്ലെങ്കില്‍ തീഗോളം കെടുത്താമെന്ന് ഒരുത്തനും വിചാരിക്കണ്ട, നടക്കില്ല. അതിനുള്ള ചങ്കൂറ്റം ഭരത് ചന്ദ്രനുണ്ടെങ്കില്‍ അത് സുരേഷ് ഗോപിയ്ക്കുമുണ്ട്. ജനങ്ങള്‍ കയ്യടിച്ച് അന്ന് നൂറ് ദിവസം ആ പടം ഓടിയിട്ടുണ്ടെങ്കില്‍ ജനങ്ങള്‍ക്കാവശ്യം അതാണ്. സിനിമയില്‍നിന്ന് ഇറങ്ങാന്‍ സൗകര്യമില്ല.
രാഷ്ട്രീയ ആവശ്യത്തിനുവേണ്ടി അവര്‍ക്ക് നിവേദനം വേണം അത് നിഷേധിക്കപ്പെടണം. അതൊക്കെ അവര്‍ ചെയ്‌തോട്ടെ, നല്ലതാണ്. വേലായുധന്‍ ചേട്ടന് ഒരു വീട് കിട്ടിയതില്‍ സന്തോഷമേയുള്ളൂ. നല്ല കാര്യം. ഇനിയും ഞാനിതുപോലെ വേലായുധന്‍ ചേട്ടന്‍മാരെ അങ്ങോട്ടയയ്ക്കും. പാര്‍ട്ടിയങ്ങോട്ട് തയ്യാറെടുത്തിരുന്നോളൂ. ഞാന്‍ ഒരു ലിസ്റ്റങ്ങ് പ്രഖ്യാപിക്കും. ആര്‍ജവം കാണിക്കണം.അതിനുള്ള ചങ്കൂറ്റവും കാണിക്കണം- സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
















