ടെൽ അവീവ്: കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു. ഗാസ സിറ്റിയിലേക്ക് ഇസ്രയേൽ സൈന്യം പ്രവേശിച്ചു. നഗരത്തിന്റെ മുഴുവൻ ഭാഗത്തിന്റെയും നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി ഐഡിഎഫ് വക്താവ് ബ്രിഗേഡിയർ ജനറൽ എഫീ ഡെഫ്രിൻ അറിയിച്ചു.
‘ഗാസ കത്തുന്നു’ എന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് കഴിഞ്ഞ ദിവസം എക്‌സിൽ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണു ശക്തമായ കരയുദ്ധം മേഖലയിൽ ആരംഭിച്ചിരിക്കുന്നത്. ഹമാസിനെ പരാജയപ്പെടുത്തി ബന്ദികളെ ഉടൻ മോചിപ്പിക്കുമെന്നും ഇതിനായി ഐഡിഎഫ് സൈനികർ ധീരമായി പോരാടുകയാണെന്നും ഇസ്രയേൽ കാറ്റ്‌സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കരയുദ്ധം ആരംഭിച്ചതിനു പിന്നാലെ ഗാസ സിറ്റിയിൽ കനത്ത ബോംബ് ആക്രമണമാണ് നടക്കുന്നത്. ഇന്നലെ മാത്രം നൂറിലേറെപേര്‍ നഗരത്തിൽ കൊല്ലപ്പെട്ടു. ആക്രമണത്തിനു പിന്നാലെ ഗാസ സിറ്റിയിൽ നിന്ന് പതിനായിരക്കണക്കിന് പേരാണ് തെക്കൻ മേഖലയിലേക്കു പലായനം ചെയ്യുന്നത്. പലായനം ചെയ്യാൻ തുറന്നു നൽകിയ അല്‍-റഷീദ് സ്ട്രീറ്റില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ആക്രമണം തുടങ്ങിയ ശേഷം ഇതുവരെ ഗാസ സിറ്റിയിലെ 40 ശതമാനം താമസക്കാര്‍, അതായത് ഏകദേശം മൂന്നരലക്ഷം പേര്‍ തെക്കൻ മേഖലയിലേക്ക് പലായനം ചെയ്തതായാണ് റിപ്പോർട്ട്. ഇസ്രയേല്‍ സൈന്യം ഗാസ നഗരത്തിലേക്ക് മാർച്ച് ചെയ്യുകയാണ്. ടാങ്കുകളും കവചിത വാഹനങ്ങളുമായാണ് സൈന്യത്തിന്റെ നീക്കം.രണ്ടു വര്‍ഷത്തെ യുദ്ധത്തിനിടയിലെ ഏറ്റവും കഠിനമായ ദിവസങ്ങളിലൂടെയാണ് ഗാസനഗരം മുന്നോട്ട് പോകുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതിനിടെ ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുകയാണെന്ന് ആരോപിച്ച് ഐക്യരാഷ്ട്രസംഘടന രംഗത്തെത്തി. ഐക്യരാഷ്ട്രസംഘടന നിയോഗിച്ച മനുഷ്യാവകാശ കൗൺസിലിന്റെ വിദഗ്ധ സംഘമാണ് ഇസ്രയേൽ ഗാസയിൽ വംശഹത്യ നടത്തുകയാണെന്ന് റിപ്പോർട്ട് നൽകിയത്. 65,000-ത്തിലധികം പേർ ഇതിനോടകം ഗാസയിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
















