കാറുകൾക്കുള്ള പുതിയ ജിഎസ്‌ടി നിരക്കുകൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുമ്പോൾ, പുതിയ വാഹനങ്ങൾക്ക് വില കുറയുമെന്നത് ഉപഭോക്താക്കൾക്ക് ആശ്വാസമാകും. എന്നാൽ, ഈ മാറ്റം പഴയ കാറുകളുടെ വിപണിയെ ദോഷകരമായി ബാധിക്കുമെന്ന് ഈ രംഗത്തെ വിദഗ്‌ധർ പറയുന്നു. പുതിയ കാറുകൾക്ക് വില കുറയുമ്പോൾ, ഉപയോഗിച്ച വാഹനങ്ങൾക്ക് കൂടുതൽ പണം മുടക്കാൻ ആളുകൾ മടിച്ചേക്കും. ഇത് യുസ്ഡ് കാർ ബിസിനസിന് വെല്ലുവിളിയാകും.
ജിഎസ്‌ടി രജിസ്ട്രേഷനുള്ള ഡീലർമാർ പഴയ കാറുകൾ വിൽക്കുമ്പോൾ, അവർക്ക് ജിഎസ്‌ടി ബാധകമാണ്. വിൽപനയിലൂടെ ലഭിക്കുന്ന ലാഭത്തിന്‍ മേലാണ് ഈ നികുതി ഈടാക്കുന്നത്. 2025 ജനുവരി 16 മുതൽ പഴയ കാറുകളുടെ ജിഎസ്‌ടി നിരക്ക് 18 ശതമാനം ആയി വർധിപ്പിച്ചിരുന്നു. ഇത് പഴയ കാറുകളുടെ വില കൂട്ടാന്‍ കാരണമായി. പുതിയ കാറുകൾക്ക് നികുതി കുറച്ചിട്ടുണ്ടെങ്കിലും, പഴയ കാറുകളുടെ വിൽപനയ്ക്ക് പുതിയ നികുതി ഇളവുകൾ പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ, ഈ മാറ്റങ്ങൾ പഴയ കാർ വിപണിയെ പരോക്ഷമായി സ്വാധീനിക്കാൻ സാധ്യതയുണ്ട്.
പുതിയ കാറുകളുടെ വില കുറയ്ക്കുന്നതിലൂടെ, പഴയ വാഹനങ്ങൾ ഒഴിവാക്കി പുതിയവ വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിതരാകും. 15 വർഷം കഴിഞ്ഞ വാഹനങ്ങൾ ഒഴിവാക്കുന്ന പ്രവണത വർധിച്ചുക്കും. ഇത് ഓട്ടോമൊബൈൽ വർക്കേഴ്സിനെയും വാഹന സ്പെയർ പാർട്സ് വിൽക്കുന്ന കടക്കാരെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.
ജിഎസ്‌ടി കൗൺസിലിൻ്റെ 56-ാമത് യോഗത്തിലാണ് പുതിയ കാറുകൾക്കുള്ള ജിഎസ്‌ടി നിരക്കുകൾ കുറയ്ക്കാൻ തീരുമാനിച്ചത്. ചെറിയ കാറുകൾ ഉൾപ്പെടെ മിക്ക വാഹനങ്ങൾക്കും പുതിയ നിരക്കുകൾ ബാധകമാകും. സാധാരണയായി നികുതി കുറയ്ക്കുമ്പോൾ ഉൽപ്പന്നങ്ങളുടെ വില കുറയാറുണ്ട്. കാറുകളുടെ കാര്യത്തിലും ഇത് അങ്ങനെ തന്നെയാണെങ്കിലും, ഈ ആനുകൂല്യം നിർമാതാക്കൾ പൂർണമായി ഉപഭോക്താക്കൾക്ക് കൈമാറുമോ എന്നതാണ് കണ്ടറിയേണ്ടത്.
1200 സിസിയിൽ താഴെ എൻജിൻ ശേഷിയുള്ള പെട്രോൾ കാറുകൾക്കും, 1500 സിസിയിൽ താഴെ എൻജിൻ ശേഷിയുള്ള ഡീസൽ കാറുകൾക്കും, 4 മീറ്ററിൽ താഴെ നീളമുള്ള കാറുകൾക്കും നിലവിൽ 28% ജിഎസ്‌ടിയും അതോടൊപ്പം 1-3% വരെ സെസ്സും ഉണ്ടായിരുന്നു. പുതിയ പരിഷ്കാരമനുസരിച്ച് ഈ വാഹനങ്ങളുടെ ജിഎസ്‌ടി 18% ആയി കുറച്ചിട്ടുണ്ട്. ഇത് ഈ വിഭാഗത്തിലെ കാറുകളുടെ വിലയിൽ വലിയ കുറവുണ്ടാക്കാൻ സഹായിക്കും. കാറുകളുടെ വില കുറയുന്നതിനനുസരിച്ച് റോഡ് ടാക്സിലും കുറവ് വരും. ഒപ്പം ഇൻഷുറൻസ് തുകയിലും ചെറിയ കുറവ് അനുഭവപ്പെടും
4 മീറ്ററിൽ കൂടുതൽ നീളമുള്ളതും, വലിയ എൻജിൻ ശേഷിയുള്ളതുമായ കാറുകൾക്ക് നിലവിൽ 28% ജിഎസ്‌ടിയും 22% വരെ സെസ്സും ഉണ്ടായിരുന്നു. പുതിയ മാറ്റമനുസരിച്ച് ഈ വാഹനങ്ങൾക്ക് 40% ജിഎസ്‌ടിയാണ് ബാധകമാകുന്നത്. സെസ്സ് പൂർണമായും ഒഴിവാക്കിയതിനാൽ ആഡംബര കാറുകൾക്കും എസ്.യു.വി.കൾക്കും വില കുറയും. അതായത് നേരത്തെ മൊത്തത്തിൽ 50% ഉണ്ടായിരുന്നത് സെപ്റ്റംബർ 22 മുതൽ 40 ശതമാനമായി കുറയും. മേൽപ്പറഞ്ഞ മറ്റ് ഇളവുകൾ എല്ലാം ആഡംബര കാര്‍ വാങ്ങുന്നവർക്കും ബാധകമാണ്.
ഇലക്ട്രിക് വാഹനങ്ങൾക്ക് ഇപ്പോഴും 5% ജിഎസ്‌ടി നിരക്ക് തുടരുന്നു. ഇത് ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാരിൻ്റെ നയത്തിൻ്റെ ഭാഗമാണ്. ഹൈബ്രിഡ് വാഹനങ്ങൾക്ക് നിലവിലുള്ളതുപോലെ പെട്രോൾ കാറുകൾക്ക് സമാനമായ ജിഎസ്‌ടി നിരക്കാണ് തുടരുന്നത്. ജിഎസ്‌ടി നിരക്കുകൾ കുറഞ്ഞത് കാറുകളുടെ എക്സ്-ഷോറൂം വിലയിൽ വലിയ കുറവുണ്ടാക്കും. ഇത് ഉപഭോക്താക്കൾക്ക് നേരിട്ട് നേട്ടമാണ്. കൂടാതെ കാറിൻ്റെ വില കുറയുന്നത് കാരണം വാഹന വായ്പയുടെ തുക കുറയും. ഇത് പ്രതിമാസ തിരിച്ചടവ് (ഇ.എം.ഐ) കുറയ്ക്കാൻ സഹായിക്കും. കാറുകളുടെ ഇൻഷുറൻസ് പ്രീമിയം കാറിൻ്റെ ഇൻഷുവേർഡ് ഡിക്ലയേർഡ് വാല്യൂ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. കാറിൻ്റെ വില കുറയുന്നതനുസരിച്ച് ഐ.ഡി.വി.യും കുറയും. അതിനാൽ ഇൻഷുറൻസ് പ്രീമിയവും കുറയും.
വില കുറയുന്നതനുസരിച്ച് കൂടുതൽ ആളുകൾക്ക് കാറുകൾ വാങ്ങാൻ സാധിക്കും. ഇത് വാഹന വിപണിക്ക് പുതിയ ഉണർവ് നൽകും. പല കാർ നിർമാതാക്കളും വിലക്കുറവിൻ്റെ പൂർണ ആനുകൂല്യം ഉപഭോക്താക്കൾക്ക് കൈമാറാൻ തുടങ്ങിയിട്ടുണ്ട്. ഇത് വാഹന വിപണിയിൽ കടുത്ത മത്സരത്തിന് കാരണമാകും. നിലവിൽ, വിവിധ കാർ കമ്പനികൾ അവരുടെ മോഡലുകൾക്ക് എത്ര രൂപ വരെ കുറവ് വരുത്തി എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഉദാഹരണത്തിന്, ഹോണ്ട, ഫോക്സ് -വാഗൺ, ടൊയോട്ട, മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ കമ്പനികൾ അവരുടെ ചില മോഡലുകൾക്ക് 60,000 രൂപ മുതൽ 3 ലക്ഷം രൂപ വരെ വില കുറച്ചിട്ടുണ്ട്. ആഡംബര കാറുകളുടെ കാര്യത്തിൽ ഈ വിലക്കുറവ് 10 ലക്ഷം വരെയാകാൻ സാധ്യതയുണ്ട്. ചുരുക്കത്തിൽ, പുതിയ ജിഎസ്‌ടി പരിഷ്കാരങ്ങൾ സാധാരണക്കാർക്ക് കാർ വാങ്ങുന്നത് കൂടുതൽ എളുപ്പമാക്കും.
















