റെട്രോ-മോഡേൺ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ റോയൽ എൻഫീൽഡിന്‍റെ ക്രൂയിസർ മോട്ടോർസൈക്കിളായ റോയൽ എൻഫീൽഡ് മെറ്റിയർ 350യുടെ പുതുക്കിയ മോഡൽ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ഏറ്റവും പുതിയ സവിശേഷതകളുമായി എത്തുന്ന അപ്‌ഡേറ്റ് ചെയ്‌ത മോഡൽ ഇപ്പോൾ കൂടുതൽ ശക്തവും സ്റ്റൈലിഷും ആണ്. പുതിയ ജിഎസ്‌ടി നിരക്കുകൾ ബാധകമാവുന്നതിനാൽ വിലയിലും മാറ്റം വന്നിട്ടുണ്ട്.
മുമ്പത്തേക്കാൾ താങ്ങാനാവുന്ന വിലയിലാണ് പുതിയ റോയൽ എൻഫീൽഡ് മെറ്റിയർ 350 അവതരിപ്പിച്ചത്. ലോഞ്ചിനൊപ്പം, ഡീലർഷിപ്പുകളിൽ വിതരണം ചെയ്യാനും കമ്പനി ആരംഭിച്ചു. ഫയർബോൾ, സ്റ്റെല്ലാർ, അറോറ, സൂപ്പർനോവ എന്നിങ്ങനെ നാല് വേരിയന്‍റുകളിലാണ് മെറ്റിയർ 350 വിപണിയിലുള്ളത്.
നാല് വേരിയന്‍റുകളും ആകെ ഏഴ് പുതിയ നിറങ്ങളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫയർബോൾ വേരിയന്‍റ് ഓറഞ്ച്, ഗ്രേ നിറങ്ങളിലും സ്റ്റെല്ലർ വേരിയന്‍റ് മാറ്റ് ഗ്രേ, മറൈൻ ബ്ലൂ നിറങ്ങളിലും അറോറ വേരിയന്‍റ് റെട്രോ ഗ്രീൻ , ചുവപ്പ് നിറങ്ങളിലും, സൂപ്പർനോവ വേരിയന്‍റ് കറുപ്പ് നിറത്തിലുമാണ് ലഭ്യമാവുക.
ഫയർബോൾ, സ്റ്റെല്ലർ വേരിയന്‍റുകളിൽ മുമ്പ് കണ്ടെത്തിയിരുന്ന ഹാലോജൻ യൂണിറ്റുകൾക്ക് പകരമായി എൽഇഡി ഹെഡ്‌ലാമ്പുകളും എൽഇഡി ഇൻഡിക്കേറ്ററുകളുമാണ് നൽകിയിരിക്കുന്നത്. ഇത് തന്നെയാണ് അപ്‌ഡേറ്റിന് ശേഷമുള്ള പ്രധാന മാറ്റം. മറ്റ് സവിശേഷതകൾ പരിശോധിക്കാം.
ചില മെക്കാനിക്കൽ മാറ്റങ്ങളോടെയാണ് മെറ്റിയർ 350യുടെ പുതുക്കിയ മോഡൽ പുറത്തിറക്കിയത്. കമ്പനി ദീർഘകാലമായി കാത്തിരുന്ന സ്ലിപ്പർ ക്ലച്ച് സവിശേഷത എഞ്ചിനിൽ ചേർത്തിട്ടുമുണ്ട്. അതേ 349 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഇതിലും ഉപയോഗിക്കുന്നത്.
5 സ്‌പീഡ് ഗിയർബോക്‌സുമായാണ് ഈ എഞ്ചിൻ ജോഡിയാക്കിയത്. ഇത് 19.9 ബിഎച്ച്‌പി പവറും 27 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. അതേസമയം ബൈക്കിന്‍റെ ഷാസി, സസ്‌പെൻഷൻ, ബ്രേക്കിങ് സജ്ജീകരണം എന്നിവ പഴയപടി തന്നെ തുടരുന്നു.
ഫയർബോൾ, സ്റ്റെല്ലർ വേരിയന്‍റുകളിൽ ഇപ്പോൾ LED ഹെഡ്‌ലാമ്പുകളും ഒരു ട്രിപ്പർ നാവിഗേഷൻ പോഡും സ്റ്റാൻഡേർഡായി ലഭിക്കുന്നു. മെറ്റിയർ 350 സൂപ്പർനോവ, അറോറ വേരിയന്‍രുകളിൽ സ്റ്റാൻഡേർഡായി ക്രമീകരിക്കാവുന്ന ലിവർ ലഭിക്കുന്നു.
പുതിയ ജിഎസ്‌ടി നിരക്കുകൾ പ്രഖ്യാപിച്ചതോടെ, അപ്‌ഡേറ്റുകൾ ഉണ്ടെങ്കിൽ പോലും ബൈക്കിന്‍റെ വില കുറഞ്ഞിട്ടുണ്ട്. റോയൽ എൻഫീൽഡ് മെറ്റിയർ 350 നേരത്തെ 2.08 ലക്ഷം രൂപ പ്രാരംഭവിലയിലാണ് വിറ്റഴിച്ചിരുന്നത്. ടോപ്-സ്‌പെക് വേരിയന്‍റിന് 2.33 ലക്ഷം രൂപയായിരുന്നു എക്‌സ്-ഷോറൂം വില. എന്നാൽ ഇപ്പോൾ മെറ്റിയർ 350യുടെ എക്‌സ്-ഷോറൂം വില 1.96 ലക്ഷം രൂപയിൽ ആരംഭിച്ച് 2.16 ലക്ഷം രൂപ വരെ എത്തിനിൽക്കുന്നു. അതായത് ടോപ്-സ്‌പെക് വേരിയന്‍റിന് ഏകദേശം 15,000 രൂപ വില കുറഞ്ഞിട്ടുണ്ട്.
















