ഡോ എം ലീലാവതിക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾ അപലപനീയമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. കേരളം ആദരിക്കുന്ന പ്രശസ്ത നിരൂപകയും എഴുത്തുകാരിയുമായ ടീച്ചറെ അധിക്ഷേപിക്കുന്നത് വേദനാജനകമാണ്. പ്രായം പോലും കണക്കിലെടുക്കാതെയാണ് ആക്രമിക്കുന്നത്. കേരളീയ സമൂഹം ഇതിനെതിരെ പ്രതികരിക്കണം. ചാനലുകളിലൂടെയും സോഷ്യൽ മീഡിയവഴിയും സ്ത്രീകളെ നിരന്തരം അധിക്ഷേപങ്ങൾക്ക് വിധേയമാക്കുന്നത് അടുത്തിടെയായി വർധിച്ചുവരികയാണെന്നും പി സതീദേവി പറഞ്ഞു.
ഗാസയിലെ കുഞ്ഞുങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളിൽ തനിക്ക് നേരെയുണ്ടായ സൈബർ ആക്രമണങ്ങളോട് പ്രതികരിച്ച് പ്രൊഫ എം ലീലാവതിതന്നെ രംഗത്ത് വന്നിരുന്നു. എതിർക്കുന്നവർ എതിർക്കട്ടെ എന്നും കുഞ്ഞുങ്ങളെല്ലാം തനിക്ക് ഒരേപോലെയാണെന്നും ലീലാവതി ടീച്ചർ പറഞ്ഞു. എതിർക്കുന്നവരോട് യാതൊരു ശത്രുതയുമില്ല, ഇതാദ്യമായല്ല എതിർപ്പുകളെ നേരിടുന്നത്, നിരവധി എതിർപ്പുകളെ നേരിട്ടാണ് തന്റെ ജീവിതമെന്നും ലീലാവതി ടീച്ചർ കൂട്ടിച്ചേർത്തു.
കുഞ്ഞുങ്ങൾ ഏത് നാട്ടിലാണെങ്കിലും വിശക്കുന്നത് കാണാൻ വയ്യ, അതിൽ ജാതിയും മതവും ഒന്നുമില്ല. കുഞ്ഞുങ്ങളെ താൻ കുഞ്ഞുങ്ങളെയാണ് കാണുന്നത്. 2019 ലെ ഓണത്തിന് വയനാട്ടിലെ കുഞ്ഞുങ്ങൾ വിശന്നിരിക്കുന്നത് കണ്ടുവെന്നും അതിനാൽ അന്ന് കഞ്ഞിയാണ് താൻ കുടിച്ചതെന്നും ടീച്ചർ പറഞ്ഞു.
STORY HIGHLIGHT : P. Sathidevi reacts to M. Leelavathi’s cyber attacks
















