സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗ് അഞ്ചാം സീസണ് നാളെ കൈനകരിയിൽ തുടക്കമാകും. വിവിധ സ്ഥലങ്ങളിലായി 14 മത്സരങ്ങളാണ് ചാമ്പ്യൻസ് ബോട്ട് ലീഗിൽ ഉള്ളത്. ഡിസംബർ 6ന് കൊല്ലം പ്രസിഡന്‍റ്സ് ട്രോഫിയോടെ സിബിഎൽ സമാപിക്കും.
കഴിഞ്ഞ വർഷം ആറു മത്സരങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ വിവിധ ഇടങ്ങളിലായി 14 മത്സരങ്ങൾ ഉണ്ട്. കാസർകോഡ് ചെറുവത്തൂർ, ബേപ്പൂർ, തൃശ്ശൂർ കോട്ടപ്പുറം, എറണാകുളം പിറവം, മറൈൻഡ്രൈവ്, കോട്ടയം താഴത്തങ്ങാടി, പുളിങ്കുന്ന്, കരുവാറ്റ, പാണ്ടനാട്, കായംകുളം, കൊല്ലം, കല്ലട എന്നിവിടങ്ങളാണ് മത്സര വേദികൾ.
ആദ്യമായാണ് കാസർഗോഡ് മത്സരത്തിന് വേദിയാകുന്നത്. കണ്ണൂർ ധർമടത്തെ മത്സര തിയ്യതി മാത്രം തീരുമാനിച്ചിട്ടില്ല.
നെഹ്റുട്രോഫി വള്ളം കളിയിൽ ആദ്യ ഒൻപത് സ്ഥാനങ്ങളിൽ എത്തിയവരാണ് മത്സരത്തിൽ മാറ്റുരയ്ക്കുക. വീയപുരം ചുണ്ടനും, നടുഭാഗവും, മേൽപാടവും, നിരണം, പായിപ്പാടൻ ഒന്ന്, നടുവിലേപ്പറന്പൻ, കാരിച്ചാൽ, ചെറുതന, ചന്പക്കുളം എന്നീ ചുണ്ടനുകളുമാണ് മത്സരത്തിന്‍റെ ഭാഗമാവുക.
















