പാലക്കാട്: അട്ടപ്പാടിയിലേക്ക് വൻതോതിൽ സ്ഫോടകവസ്തുക്കൾ അനധികൃതമായി കടത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതിയായ അരപ്പാറ സ്വദേശി നാസർ (48) മണ്ണാർക്കാട് പോലീസിന്റെ പിടിയിലായി.
ഈ മാസം 13-ന് ആനമൂളി ചെക്ക്പോസ്റ്റിന് സമീപത്തുവെച്ച് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന സ്ഫോടകവസ്തുക്കൾ പോലീസ് പിടിച്ചെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവറായ തച്ചമ്പാറ സ്വദേശിയെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നാസറിനെ അറസ്റ്റ് ചെയ്തത്.
അട്ടപ്പാടിയിലെ നരസിമുക്ക് സ്വദേശിയായ പാപ്പണ്ണൻ (50) എന്നയാൾക്ക് വേണ്ടിയാണ് സ്ഫോടകവസ്തുക്കൾ എത്തിച്ചതെന്ന് നാസർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പാപ്പണ്ണനെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
സ്ഫോടകവസ്തുക്കൾ എന്തിനാണ് കടത്തിയതെന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. ഈ കേസിൽ ഇനിയും കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് സൂചന.
















