എയർ ഇന്ത്യ വിമാനാപകടത്തിൽ എയ്‌റോസ്‌പേസ് കമ്പനികളായ ബോയിംഗിനും ഹണിവെല്ലിനുമെതിരെ കേസ്. വിമാനാപകടത്തിൽ മരിച്ച നാല് യാത്രക്കാരുടെ കുടുംബങ്ങൾ ചേര്‍ന്നാണ് എയ്‌റോസ്‌പേസ് കമ്പനികള്‍ക്കെതിരെ പരാതി നൽകിയത്. കമ്പനികളുടെ അശ്രദ്ധ ആരോപിച്ച് നൽകിയ പരാതിയിലാണ് യുഎസിൽ ചൊവ്വാഴ്ച്ചയാണ് കേസെടുത്തത്. ഇന്ധന സ്വിച്ചുകളുടെ തകരാറാണ് അപകടത്തിന് കാരണമെന്നും വിമാനത്തിന്റെ രൂപകൽപ്പനയുടെ അപകടസാധ്യതകളെക്കുറിച്ച് അറിഞ്ഞിട്ടും കമ്പനികൾ ഒന്നും ചെയ്തില്ലയെന്നും പരാതിയിൽ ആരോപിക്കുന്നു. സ്വിച്ചുകളുടെ പരിശോധനയും അറ്റകുറ്റപ്പണിയും ആവശ്യമാണെന്ന് എയർലൈനുകൾക്ക് മുന്നറിയിപ്പ് നൽകുന്നതിലും കമ്പനികൾ പരാജയപ്പെട്ടുവെന്നും ഉപഭോക്താക്കൾക്ക് അവ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന തരത്തിൽ മാറ്റിസ്ഥാപിക്കാൻ ഭാഗങ്ങൾ നൽകിയില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ജൂൺ 12നാണ് ലണ്ടണിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ ഫ്ലൈറ്റ് അഹമ്മദാബാദിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീണ് 260 പേർ മരിച്ചത്.
















