സിപിആര്‍ അഥവാ കാര്‍ഡിയോ പള്‍മണറി റെസിസിറ്റേഷന്‍ പരിശീലനം നല്‍കുന്ന പദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ലോക ഹൃദയ ദിനമായ സെപ്റ്റംബര്‍ 29 മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സന്നദ്ധ പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, ഡ്രൈവര്‍മാര്‍, റെസിഡന്‍സ് അസോസിയേഷന്‍, വിവിധ സേനാംഗങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍ തുടങ്ങി പരമാവധി പേര്‍ക്ക് ഘട്ടം ഘട്ടമായി പരിശീലനം നല്‍കും.
ഹൃദയസ്‌തംഭനം (കാര്‍ഡിയാക് അറസ്റ്റ്) ഉണ്ടാകുന്ന വ്യക്തികളില്‍ നടത്തുന്ന ഒരു അടിയന്തിര പ്രഥമ ശുശ്രൂഷയാണ് സിപിആര്‍. ശരിയായ രീതിയില്‍ സിപിആര്‍ നല്‍കി അടിയന്തരമായി ആശുപത്രിയിലെത്തിച്ചാല്‍ അവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിക്കും. സിപിആറിന്‍റെ പ്രാധാന്യം മുന്നില്‍ കണ്ടാണ് എല്ലാവര്‍ക്കും പരിശീലനം നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് ഇതിനായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. ആധുനിക മാനിക്കിനുകളുടെ സഹായത്തോടെയായിരിക്കും പരിശീലനം. എല്ലാ മെഡിക്കല്‍ കോളേജുകളിലും പരിശീലനത്തിനായി കാര്‍ഡിയോളജി വിഭാഗത്തിന്‍റെ സഹകരണത്തോടെ സ്ഥിരം സംവിധാനമൊരുക്കും. ഇതിനായി പ്രത്യേക ടീമിനെ സജ്ജമാക്കും. ഇതുകൂടാതെ ഐഎംഎയിലെ ഡോക്‌ടര്‍മാരും പരിശീലനത്തിന് നേതൃത്വം നല്‍കും. പരിശീലനത്തിന് ഐഎംഎ എല്ലാ സഹകരണവും ഉറപ്പ് നല്‍കി. സിപിആര്‍ പരിശീലനം സംബന്ധിച്ച് ഏകീകൃതമായ ഷോര്‍ട്ട് വീഡിയോ തയ്യാറാക്കി പ്രചരിപ്പിക്കും.
മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടര്‍, ഐഎംഎ, കെജിഎംഒഎ, മെഡിക്കല്‍ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍, കാര്‍ഡിയോളജി വിഭാഗം മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















