പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’. ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. മികച്ച അഭിപ്രായമാണ് ടീസറിന് ലഭിച്ചത്. ഇപ്പോഴിതാ താന്‍ സ്‌റ്റൈല്‍ ചെയ്തിട്ടുള്ള യങ്‌സ്റ്റേഴ്‌സില്‍ ഏറ്റവും ഭംഗിയുള്ള നടന്‍ പ്രണവ് മോഹന്‍ലാല്‍ ആണെന്ന് പറയുകയാണ് ഫാഷന്‍ ഡിസൈനര്‍ മെല്‍വി. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
മെല്‍വിയുടെ വാക്കുകള്‍…….
‘പ്രണവ് മോഹന്‍ലാല്‍ വളരെ സിമ്പിള്‍ ആണെന്ന് കേട്ടിട്ട് മാത്രമേയുള്ളൂ. കാണാന്‍ ഇതുവരെ കിട്ടിയിട്ടില്ല. ആദ്യമായി ഡീയസ് ഈറെ എന്ന സിനിമയില്‍ ആണ് കാണുന്നത്. കണ്ടപ്പോള്‍ വളരെ കൂള്‍ ആയ ഒരു മനുഷ്യന്‍. ലൂസ് ഫിറ്റ് പാന്റും ലൂസ് ഷര്‍ട്ടും ധരിച്ചാണ് വന്നത്. ആ ഷര്‍ട്ടിന് നല്ല പ്രായമുണ്ടെന്ന് കണ്ടാല്‍ മനസിലാകും, പാന്റ്‌സിനും അതുപോലെ തന്നെ. ഡ്രസ്സിന്റെ കാര്യത്തില്‍ ഒന്നും അത്ര കണ്‍സേണ്‍ അല്ലാത്ത ആളാണ് പ്രണവ്. ഒരു കൂള്‍ മനുഷ്യന്‍.
ഹെയര്‍ കട്ടിങ് കഴിഞ്ഞു എനിക്ക് പ്രണവിനെ തന്നു. ഞാന്‍ ഒരു ഷര്‍ട്ടും പാന്റും ആക്‌സസറീസ് എല്ലാം സെറ്റ് ചെയ്തു. ഡ്രസ് മാറി അദ്ദേഹം വന്നപ്പോള്‍ ഞാന്‍ ഇന്നുവരെ കണ്ട യങ്‌സ്റ്റേഴ്‌സില്‍ ഏറ്റവും ഭംഗിയുള്ള ആള് പ്രണവ് ആണ്. ഞാന്‍ സ്‌റ്റൈലില്‍ ചെയ്തതില്‍ ഫിഗര്‍ അടിപൊളിയാണ് പ്രണവിന്റെ. ഈ പടത്തില്‍ പ്രണവിന്റെ സ്‌റ്റൈല്‍ വളരെ രസമാണ്. ടീസര്‍ ലുക്കില്‍ നല്ല അഭിപ്രായം ലഭിച്ചിരുന്നു’.
മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന് ശേഷം, രാഹുല്‍ സദാശിവന്‍- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഡീയസ് ഈറേ’. മികച്ച ദൃശ്യങ്ങളും പശ്ചാത്തല സംഗീതവും ടീസറിന്റെ ഹൈലൈറ്റ് ആയി മാറിയിട്ടുണ്ട്. ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടന്നു വരികയാണ്.
















