സഞ്ചരികളുടെ ഇഷ്ട ഇടമാണ് കശ്മീർ. മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും സുഖകരമായ കാലാവസ്ഥയ്ക്കും കശ്മീർ ബെസ്റ്റാണ്. ആഡംബര ഹൗസ് ബോട്ടുകൾ മുതൽ ബജറ്റ് ഗസ്റ്റ് ഹൗസുകൾ വരെ കശ്മീരിൽ ഉണ്ട്. കശ്മീരിലെ പ്രധാന പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ആണ് ശ്രീനഗർ, ഗുൽമാർഗ്, പഹൽഗാം തുടങ്ങിയ ഇടങ്ങൾ.
കശ്മീർ സന്ദർശിക്കാൻ വളരെ അനുയോജ്യമായ സമയമാണ് സെപ്റ്റംബർ മാസം. മൺസൂൺ പിൻവാങ്ങുന്നതിനാൽ പ്രകൃതി കൂടുതൽ തെളിഞ്ഞതും പച്ചപ്പുള്ളതുമായിരിക്കും. ഔട്ട്ഡോർ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ കാലാവസ്ഥയാണ് ഇത്. കൂടാതെ, തെളിഞ്ഞ ആകാശമായതിനാല്‍ ഹിമാലയൻ പർവതനിരകളുടെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാനും സാധിക്കും.
കാശ്മീർ സന്ദർശിക്കാൻ 10 കാരണങ്ങൾ
കശ്മീര്‍ എന്നത് വെറുമൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ മാത്രമല്ല, പണ്ടുകാലം മുതല്‍ക്കുള്ള ചരിത്രവും സംസ്കാരവും പ്രകൃതിയുടെ അദ്ഭുതങ്ങളും നിറഞ്ഞ ഒരനുഭവം തന്നെയാണ് അത്. ‘ഭൂമിയിലെ സ്വർഗം’ എന്നു കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന പേര് കാശ്മീരാണ്. ഇന്ത്യയിലെ എല്ലാ സഞ്ചാരികളും തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഇടങ്ങളില്‍ ഒന്നുകൂടിയാണ് കശ്മീര്‍.
1. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫീസ്
സാഹസികയാത്ര ഇഷ്ടപ്പെടുന്നവർക്ക് ഒരദ്ഭുതമാണ് ലഡാക്കിലെ ഹിക്കിമിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫീസ്. 14,567 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പോസ്റ്റ് ഓഫീസ് ഇപ്പോൾ ലഡാക്കിന്റെ ഭാഗമാണെങ്കിലും കാശ്മീരിനോട് ചേർന്നുള്ള ഇതിന്റെ ചരിത്രപരമായ പ്രാധാന്യം വലുതാണ്. ഈ പോസ്റ്റ് ഓഫീസിൽ നിന്ന് പ്രിയപ്പെട്ടവർക്ക് ഒരു കത്തയക്കുന്നത് അവിസ്മരണീയമായ അനുഭവമായിരിക്കും.
2. ഏഷ്യയിലെ ഏറ്റവും വലിയ തുലിപ് ഗാർഡൻ
വസന്തകാലത്ത് ശ്രീനഗർ സന്ദർശിക്കുന്നവർക്ക് ഒരു ദൃശ്യവിരുന്നാണ് ഇന്ദിരാഗാന്ധി മെമ്മോറിയൽ തുലിപ് ഗാർഡൻ. ലക്ഷക്കണക്കിന് വർണശബളമായ തുലിപ് പൂക്കൾ വിരിഞ്ഞുനിൽക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഈ പൂന്തോട്ടം, ഫൊട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർക്ക് പറുദീസയാണ്.
3. ഇന്ത്യയിലെ ഏക സാഫ്രോൺ ഉത്പാദന കേന്ദ്രം
ലോകത്തിലെ ഏറ്റവും മികച്ചതും വിലയേറിയതുമായ കുങ്കുമപ്പൂവ് ഉത്പാദിപ്പിക്കുന്നത് കാശ്മീരിലെ പാംപോറിലാണ്. ഈ പ്രദേശം “പാംപോർ സാഫ്രോൺ ടൗൺ” എന്നറിയപ്പെടുന്നു. കുങ്കുമപ്പൂവിന്റെ വയലുകൾ നേരിൽ കാണാനും അതിന്റെ മണം അറിയാനും ഇവിടെ അവസരമുണ്ട്.
4. തടാകത്തിലെ ഒഴുകുന്ന മാർക്കറ്റ്
ശ്രീനഗറിലെ ദാൽ തടാകത്തിൽ എല്ലാ ദിവസവും രാവിലെ നടക്കുന്ന ‘റദ്’ എന്ന പച്ചക്കറി മാർക്കറ്റ് ഒരു അപൂർവ കാഴ്ചയാണ്. ശിക്കാര വള്ളങ്ങളിൽ കച്ചവടക്കാർ സാധനങ്ങളുമായി വന്ന് വിൽക്കുന്ന ഈ മാർക്കറ്റ്, സഞ്ചാരികളെ അദ്ഭുതപ്പെടുത്തും. ഇവിടുത്തെ പ്രാദേശിക ജീവിതം നേരിട്ട് കാണാൻ ഇത് സഹായിക്കും.
5. വെനീസ് പോലെ മനോഹരം
വെനീസിലെപ്പോലെ തടാകങ്ങളെ ചുറ്റിപ്പറ്റിയുള്ള ജീവിതരീതിയും ഹൗസ് ബോട്ടുകളും ശിക്കാരകളുമുള്ള നഗരമാണ് ശ്രീനഗർ. തടാകത്തിലൂടെയുള്ള ശാന്തമായ യാത്രയും തീരത്തുള്ള മനോഹരമായ കാഴ്ചകളും ഏതൊരാളെയും ആകർഷിക്കും.
6. ആപ്പിളിന്റെ പ്രധാന ഉത്പാദകർ
ഇന്ത്യയുടെ “ആപ്പിൾ സ്റ്റേറ്റ്” എന്നറിയപ്പെടുന്ന കാശ്മീർ ആണ് രാജ്യത്തെ ഏറ്റവും കൂടുതൽ ആപ്പിൾ ഉൽപ്പാദിപ്പിക്കുന്നത്. ശരത്കാലത്ത് യാത്ര ചെയ്യുമ്പോൾ ആപ്പിൾ തോട്ടങ്ങൾ സന്ദർശിക്കാനും പുതിയ ആപ്പിൾ രുചിച്ചുനോക്കാനും സാധിക്കും.
7. യൂറോപ്പിലെ ആൽപ്‌സിന് സമാനമായ പുൽമേടുകൾ
കാശ്മീരിലെ ഗുൽമാർഗ്, സോൻമാർഗ്, അരു താഴ്‌വര എന്നിവിടങ്ങളിലെ പുൽമേടുകൾ യൂറോപ്പിലെ ആൽപ്‌സ് പർവതനിരകൾക്ക് സമാനമാണ്. പച്ചപ്പണിഞ്ഞ മലനിരകളും മഞ്ഞുപാളികളും തെളിഞ്ഞ നീർച്ചാലുകളും ആൽപ്‌സ് അനുഭവത്തെ ഓർമ്മിപ്പിക്കും.
8. കാശ്മീരി വാസ്തുവിദ്യ
ഭൂകമ്പങ്ങളെ ചെറുക്കാൻ കഴിവുള്ളതും മരം ഉപയോഗിച്ച് നിർമ്മിച്ചതുമായ കാശ്മീരി വാസ്തുവിദ്യ ഒരു പ്രത്യേകതയാണ്. ആയിരക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യം പേറുന്നതാണ് ഈ കാശ്മീരി ശൈലി.
9. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം
ചനാബ് നദിക്ക് കുറുകെ നിർമ്മിച്ചിട്ടുള്ള ഈ റെയിൽവേ പാലം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലമാണ്. ഈഫൽ ടവറിനേക്കാൾ ഉയരമുള്ള ഈ പാലം എൻജിനീയറിങ് അദ്ഭുതമാണ്.
10. ഹൗസ് ബോട്ടുകളുടെ ചരിത്രം
ബ്രിട്ടീഷ് ഭരണകാലത്ത് വിദേശികൾക്ക് കാശ്മീരിൽ സ്ഥലം വാങ്ങാൻ അനുവാദമില്ലായിരുന്നു. അതിനാലാണ് അവർ ദാൽ തടാകത്തിൽ ഹൗസ് ബോട്ടുകൾ വാങ്ങി താമസിക്കാൻ തുടങ്ങിയത്. പിന്നീട് ഇത് കാശ്മീരിലെ ഒരു പ്രധാന ടൂറിസം ആകർഷണമായി മാറുകയായിരുന്നു. ഇന്ന്, ഹൗസ് ബോട്ടുകളിലെ താമസം കാശ്മീർ യാത്രയുടെ അവിഭാജ്യ ഘടകമാണ്.
















