‘ഇന്ത്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള ഒരു പാലമെന്ന് കേരളത്തിനെ’ വിശേഷിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 18, 19 തീയതികളിലായി നടക്കുന്ന ദ്വിദിന കേരള-യൂറോപ്യൻ യൂണിയൻ കോൺക്ലേവിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. കോവളം ലീല റാവിസാണ് പരിപാടിയുടെ വേദി.
സംസ്ഥാനത്തിൻ്റെ ഭാവി സമുദ്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. “നിലനിൽപ്പിനായി മാത്രമല്ല, നവീകരണം, പ്രതിരോധശേഷി, വളർച്ച എന്നിവയ്ക്ക് വേണ്ടി കേരളം സമുദ്രങ്ങളെ ആശ്രയിക്കുന്നുണ്ടെന്നും” അദ്ദേഹം പറഞ്ഞു. സുസ്ഥിരവും തുല്യവുമായ സമുദ്ര സമ്പദ്വ്യവസ്ഥയ്ക്കായി ഒരു ആഗോള സഖ്യം രൂപപ്പെടുത്തുന്നതിനുള്ള അവസരമാണ് ഈ കോൺക്ലേവ്. സുസ്ഥിര വികസനവും മത്സ്യമേഖലയിലെയും തീരദേശ സമ്പദ് വ്യവസ്ഥയിലെ പങ്കാളിത്തവും ലക്ഷ്യമിട്ടുള്ള ദ്വിദിന കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ നാളെ (സെപ്റ്റംബർ 19) ഉദ്ഘാടനം ചെയ്യും.
സുസ്ഥിര സമുദ്രാധിഷ്ഠിത വളർച്ചയ്ക്കുള്ള പുതിയ വഴികൾ രൂപപ്പെടുത്തുന്നതിനായി കേരളം, ഇന്ത്യാ ഗവൺമെൻ്റ്, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന നേതാക്കളെ രണ്ട് ദിവസത്തെ പരിപാടിയിൽ ഒരുമിച്ച് കൊണ്ടുവരുന്നു.
യൂറോപ്യൻ പ്രതിനിധി സംഘത്തെ നയിക്കുന്ന യൂറോപ്യൻ യൂണിയൻ അംബാസിഡർ ഹെർവ് ഡെൽഫിൻ, സഹകരണ വേദി എന്ന നിലയിൽ കോൺക്ലേവിൻ്റെ പ്രാധാന്യം വ്യക്തമാക്കി. ഇന്ത്യയുമായുള്ള യൂറോപ്യൻ യൂണിയൻ ബന്ധങ്ങളെയും പങ്കാളിത്തത്തെയും കുറിച്ച് അദ്ദേഹം സംസാരിച്ചു. “സമുദ്ര പ്രവർത്തനങ്ങൾ, തീരദേശ പ്രതിരോധശേഷി, ക്ഷേമം, ടൂറിസം എന്നിവയിൽ അതുല്യമായ സാധ്യതകളുള്ള കേരളം, യൂറോപ്യൻ പങ്കാളികൾക്ക് നിരവധി അവസരങ്ങൾ നൽകുന്നു, അതിനാൽ കോൺക്ലേവ് ഒരു സാധാരണ പരിപാടിയേക്കാൾ വിശാലമാണ്, യൂറോപ്യൻ യൂണിയൻ വൈദഗ്ധ്യവും നിക്ഷേപവും ഇന്ത്യയുടെ സമുദ്ര മേഖലയിൽ സാമ്പത്തികപരമായ പരസ്പര നേട്ടങ്ങൾ സൃഷ്ടിക്കാനും കഴിയുന്ന ഒരു സഹകരണ വേദിയാണിത്” ഡെൽഫിൻ പറഞ്ഞു.
















