ഹെർബല്‍ ചായകൾ ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒന്നാണ്. ഇവ രോഗപ്രതിരോധശക്തി വർധിപ്പിക്കുമെന്നും ഇൻഫ്ലമേഷൻ കുറയ്ക്കുമെന്നും ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും ഹാർവാർഡ് പഠനം പറയുന്നു. പ്രമേഹവും രക്തസമ്മർദവും ഇൻഫ്ലമേഷനും നിയന്ത്രിക്കുന്ന ചില ഇലച്ചായകൾ പരിചയപ്പെടാം.
1. മുരിങ്ങയിലച്ചായ
പാരമ്പര്യമായി മുറിവുകൾ ഉണക്കാനും അൾസർ അഥവാ കുടൽ വ്രണത്തിനും കരൾ രോഗങ്ങൾക്കും ഉള്ള ഔഷധമായി മുരിങ്ങ ഉപയോഗിച്ചു വരുന്നു. മുരിങ്ങയിലയിൽ ധാരാളം പൊട്ടാസ്യം ഉണ്ട്. ഇത് രക്തക്കുഴലുകളെ വിശ്രാന്തിയിലാക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഒരുപിടി മുരിങ്ങയില വെള്ളത്തിലിട്ട് തിളപ്പിക്കുക. അഞ്ച് മിനിറ്റോളം തിളച്ച ശേഷം ഒരു കപ്പിലേക്ക് മാറ്റാം. മരുന്നു കഴിക്കുന്നവരും ഗർഭിണികളും മുരിങ്ങയിലച്ചായ കുടിക്കും മുൻപ് വൈദ്യനിർദേശം തേടണം. മരുന്നിന്റെ പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണിത്.
2. തുളസിയിലച്ചായ
ഔഷധങ്ങളിലെ രാജ്ഞി എന്നു വിളിക്കാവുന്ന തുളസിക്ക് ആയുർവേദത്തിൽ ഏറെ പ്രാധാന്യമുണ്ട്. രക്തചംക്രമണം മെച്ചപ്പെടുത്താനും ചുമയും ജലദോഷവും ഉൾപ്പെടെയുള്ള ശ്വസന അണുബാധകൾ അകറ്റാനും തുളസിക്ക് കഴിവുണ്ട്. രാവിലെയും വൈകുന്നേരവും തുളസിയിലച്ചായ കുടിക്കാം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും രക്തസമ്മർദവും ലിപ്പിഡ് ലെവലും കുറയ്ക്കാനും നിയന്ത്രിച്ചു നിർത്താനും തുളസിയിലയ്ക്ക് കഴിവുണ്ട്.
3. കറുവയിലച്ചായ
കറുവയില അഥവാ ബേ ലീഫ് രണ്ടോ മൂന്നോ എണ്ണം ഇട്ട് വെള്ളം തിളപ്പിച്ച് കറുവയിലച്ചായ തയാറാക്കാം. ഇത് ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒന്നാണ്. കറുവയിലയിൽ ധാരാളം കഫേയിക് ആസിഡ് ഉണ്ട്. ഇത് രക്തക്കുഴലുകളെ ശക്തിപ്പെടുത്തുകയും രക്തസമ്മർദം നിയന്ത്രിക്കാനും സഹായിക്കും. കറികൾക്ക് സുഗന്ധമേകാൻ മാത്രമല്ല, കറുവയില സഹായിക്കുന്നത്. ഇതിൽ സിനമാൽഡിഹൈഡും യൂജെനോളും ഉണ്ട്. അന്നജം (carb) കൂടുതലടങ്ങിയ ഭക്ഷണം കഴിച്ചശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ നിയന്ത്രിച്ചു നിർത്താൻ സഹായിക്കും.
4. കറിവേപ്പിലച്ചായ
കറിവേപ്പിലയ്ക്ക് ധാരാളം ഔഷധഗുണങ്ങളുണ്ട്. കറിവേപ്പിലയിൽ ഉപ്പ് വളരെ കുറച്ചേ അടങ്ങിയിട്ടുള്ളൂ. ഇതിൽ പൊട്ടാസ്യം ധാരാളമടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. ഒരു ടേബിൾ സ്പൂൺ ഉണങ്ങിയ കറിവേപ്പിലയോ 8–10 വരെ ഫ്രഷ് കറിവേപ്പിലയോ ചൂടുവെള്ളത്തിൽ ചേർത്ത് അഞ്ചു മിനിട്ട് തിളപ്പിക്കുക. ശേഷം ഒരു കപ്പിലേക്ക് അരിച്ചൊഴിക്കാം. പഞ്ചസാര ചേർക്കാതിരിക്കാൻ ശ്രദ്ധിക്കാം.
5. പേരയിലച്ചായ
ഔഷധയിലച്ചായ ഭക്ഷണത്തിനു ശേഷം കഴിക്കുന്നതാണ് നല്ലത്. വൈറ്റമിൻ സി യും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ പേരയില, രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുത്താനും ദഹനേന്ദ്രിയത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാനും ഭക്ഷണം കഴിച്ചശേഷം രക്തത്തിലെ പഞ്ചസാരയുടെ ആഗിരണം വേഗത്തിലാവുന്നത് സാവധാനത്തിലാക്കാനും ഇതിലൂടെ മെറ്റബോളിക് ഹെൽത്ത് മെച്ചപ്പെടുത്താനും സഹായിക്കുന്നു. നന്നായി കഴുകിയ പേരയില വെള്ളത്തിലിട്ട് തിളപ്പിക്കുക. നന്നായി തിളപ്പിച്ച ശേഷം അരിച്ചുപയോഗിക്കാം. അൽപം തേനും ഇതിൽ ചേർക്കാം. ദിവസം ഒന്നോ രണ്ടോ കപ്പ് പേരയിലച്ചായ കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഹെർബൽ ചായ കുടിക്കുന്നതോടൊപ്പം തന്നെ പ്രധാനമാണ് വ്യായാമവും ശരിയായ ഭക്ഷണക്രമവും. ഔഷധച്ചായകൾ ശീലമാക്കും മുൻപ് ഒരു ആരോഗ്യവിദഗ്ധന്റെ നിർദേശം തsടാവുന്നതാണ്.
















