തിരഞ്ഞെടുപ്പ് അടുത്ത ബിഹാറിൽ യുവാക്കളെ ലക്ഷ്യമിട്ട് പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. ബിരുദം പൂർത്തിയാക്കിയ തൊഴിലില്ലാത്ത യുവാക്കൾക്ക് പ്രതിമാസം 1000 രൂപ നൽകുമെന്നാണ് പ്രഖ്യാപനം. മുഖ്യമന്ത്രി നിശ്ചയ് സ്വയം സഹായ അലവൻസ് പദ്ധതി പ്രകാരം രണ്ട് വർഷത്തേക്കാണ് സർക്കാർ സഹായം അനുവദിക്കുക.
നേരത്തെ, ഇന്റർമീഡിയറ്റ് (പ്ലസ് ടു) പരീക്ഷ പാസായ തൊഴിലില്ലാത്ത യുവാക്കൾക്ക് നൽകിയിരുന്ന സഹായമാണ് ഇപ്പോൾ ബിരുദം പൂർത്തിയാക്കിയവരിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുന്നത്. തൊഴിൽരഹിതരായ യുവാക്കളെ ജോലി കണ്ടെത്തുന്നതിൽ സഹായിക്കുക എന്നതായിരുന്നു 2016 ഒക്ടോബർ രണ്ടിനാണ് ബിഹാറിൽ സ്വാശ്രയ അലവൻസ് പദ്ധതിയുടെ ലക്ഷ്യം.
തൊഴിലില്ലാത്ത ബിരുദധാരികളായ യുവാക്കൾക്ക് മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനും മികച്ച തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനുമുള്ള സഹായം എന്ന നിലയിലാണ് പദ്ധതി വിപുലീകരിക്കുന്നതെന്നാണ് ബിഹാർ മുഖ്യമന്ത്രിയുടെ അവകാശവാദം.
20-25 വയസ്സിനിടയിൽ പ്രായമുള്ള, സർക്കാർ മേഖലയിലോ സ്വകാര്യ മേഖലയിലോ ജോലി ചെയ്യാത്ത, സ്വന്തമായി സ്വയം തൊഴിൽ ഇല്ലാത്ത, നിലവിൽ ജോലി അന്വേഷിക്കുന്ന ബിരുദധാരികൾക്കാണ് സഹായം ലഭിക്കുക.
















